ഹരിയാനയിൽ അജ്ഞാതജ്വരം ബാധിച്ച് 28 മരണം; കൊറോണ ബാധിച്ചതാകാമെന്നു അധികൃതർ
ചണ്ഡിഗർഹ്: രാജ്യത്ത് കൊറോണ രണ്ടാം തരംഗം അതിരൂക്ഷമായി വ്യാപിച്ചുകൊണ്ടിരിക്കുന്നതിനിടെ ഹരിയാനയിൽ അജ്ഞാതജ്വരം ബാധിച്ച് 28 പേർ മരിച്ചതായി റിപ്പോർട്ട്. റോഹ്തക് ജില്ലയിലെ തിതോലി ഗ്രാമത്തിലാണ് കഴിഞ്ഞ പത്തു ദിവസത്തിനിടെ 28 പേർ മരിച്ചത്.
ഇതേ തുടർന്ന് ജില്ലാ ഭരണകൂടം ഗ്രാമത്തെ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. 28 പേർ മരിച്ചതായാണ് ഔദ്യോഗിക വിവരമെങ്കിലും 40 പേർ മരിച്ചതായി പ്രദേശവാസികൾ പറയുന്നു.
സംഭവത്തെ തുടർന്ന് ഗ്രാമവാസികൾ പരിഭ്രാന്തിയിലാണ്. അജ്ഞാതജ്വരമെന്ന് നാട്ടുകാർ പറയുന്നുണ്ടെങ്കിലും കൊറോണ ബാധിച്ചാകാം ഇവർ മരിച്ചതെന്നാണ് അധികൃതർ സംശയിക്കുന്നത്.
ഗ്രാമത്തിൽ നിരവധി പേർക്ക് കൊറോണ സ്ഥിരീകരിച്ചതായി ജില്ലാഭരണകൂടം പറയുന്നു. തിതോലിയിലും സമീപ ഗ്രാമപ്രദേശങ്ങളിലുമായി കൊറോണ പരിശോധന നടത്തിയ 746 പേരിൽ 159 പേരും കൊറോണ പോസിറ്റീവാണ്.
പരിശോധിച്ചവരിൽ 25 ശതമാനം പേരും കൊറോണ പോസിറ്റീവായതിനാൽ പ്രദേശത്ത് വലിയരീതിയിൽ പരിശോധനയും വാക്സിനേഷനും നടത്തുമെന്ന് ഗ്രാമം സന്ദർശിച്ച സബ്ഡിവിഷണൽ മജിസ്ട്രേറ്റ് രാകേഷ് സെയ്നി അറിയിച്ചു. മുൻകരുതലെന്ന നിലയിൽ ഇവിടെ ജില്ലാ ഭരണകൂടം കൊറോണ ചികിത്സാകേന്ദ്രങ്ങളും ആരംഭിച്ചു