കാര്‍ നിര്‍ത്തി കിരണ്‍ മര്‍ദിക്കാന്‍ ശ്രമിച്ചു, വിസ്മയ ഓടിക്കയറിയത് സമീപത്തെ വീട്ടിലേക്ക്; തെളിവെടുപ്പ്
ശാസ്താംകോട്ട: കൊല്ലത്തെ ഭര്‍തൃവീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നിലമേല്‍ സ്വദേശിനി വിസ്മയയെ ഭര്‍ത്താവ് എസ്. കിരണ്‍കുമാര്‍ അതിക്രൂരനെന്ന് തെളിയിക്കുന്ന മറ്റൊരു സംഭവം കൂടി പുറത്തുവന്നു. സ്ത്രീധനത്തോട് ആര്‍ത്തി മൂത്ത കിരണ്‍ കുമാര്‍ വിസ്മയയെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. ഒരിക്കല്‍ കാറില്‍ വെച്ചും അതിക്രൂരമായി മര്‍ദ്ദിക്കുകയാണ് ഉണ്ടായത്. ഈ സംഭവത്തില്‍ കാറില്‍ നിന്നും ചാടി മറ്റൊരു വീട്ടിലേക്ക് ഓടിക്കയറേണ്ടി വന്നു വിസ്മയക്ക്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചിരുന്നു എന്നാണ് പൊലീസ് അന്വേഷണത്തില്‍ തെളിയുന്നത്.
വീട്ടില്‍ വെച്ചു മര്‍ദ്ദിച്ചതിന് പുറമേയാണ് ഒപ്പം യാത്ര ചെയ്ത വേളയില്‍ നിസ്സാര കാര്യങ്ങള്‍ക്ക് പോലും കുറ്റങ്ങള്‍ കണ്ടെത്തി വിസ്മയയെ കിരണ്‍ മര്‍ദ്ദിച്ചത്. മുന്‍പ് കൊല്ലത്ത് നിന്നു പോരുവഴി ശാസ്താംനടയിലെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ, സ്ത്രീധനമായി ലഭിച്ച കാറിന്റെ ചില്ലുകള്‍ കിരണ്‍ അടിച്ചു തകര്‍ത്തിരുന്നു. കാറിനെ ചൊല്ലിയുള്ള തര്‍ക്കം വാക്കേറ്റമായപ്പോഴായിരുന്നു ഈ സംഭവം. ഇതിന് പിന്നാലെ അതേ ദിവസം രാത്രിയില്‍ യാത്രാമധ്യേ കുണ്ടറ രണ്ടു റോഡ് ഭാഗത്തു വച്ച് വിസ്മയയെ കിരണ്‍ മര്‍ദിച്ചു.
താന്‍ കൊല്ലപ്പെടുമെന്ന് പോലും വിസമയക്ക് അപ്പോള്‍ തോന്നിയിരുന്നു. ഇതോടെ മര്‍ദനമേറ്റ അവശനിലയിലായ വിസ്മയ കാറിന്റെ വേഗത കുറഞ്ഞ സമയത്ത് ഡോര്‍ തുറന്നു പുറത്തേക്ക് ചാടിയാണ് ജീവന്‍ രക്ഷിച്ചത്. കാറിന് പുറത്തുചാടിയ അവള്‍ അടുത്തു ഹോംഗാര്‍ഡായി ജോലി ചെയ്യുന്ന സമീപത്തെ ഒരാളുടെ വീട്ടിലേക്ക് ഓടിക്കയറിയാണ് അഭയം തേടുകയായിരുന്നു. പ്രകോപനവുമായി കിരണും പിന്നാലെയെത്തുകയാണ് ഉണ്ടായത്.
ഈ സംഭവം നടന്ന സ്ഥലത്ത് അടക്കം കിരണുമായി പൊലീസ് ഇന്നലെ തെളിവെടുപ്പു നടത്തുകയുണ്ടായി. വിസ്മയയുടെ വീട്, കിരണിന്റെ വീട്, കാര്‍, വിസ്മയ പഠിച്ചിരുന്ന പന്തളത്തെ ആയുര്‍വേദ കോളജ് തുടങ്ങിയ ഇടങ്ങളിലും വിസ്മയയ്ക്ക് മര്‍ദനമേറ്റെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇരുവരും ഒന്നിച്ചു കാറില്‍ യാത്ര ചെയ്ത മിക്ക സന്ദര്‍ഭങ്ങളിലും സ്ത്രീധനം കുറഞ്ഞുപോയതിന്റെയും കാറിന്റെയും പേരില്‍ മര്‍ദനവും പരിഹാസവും ഭീഷണിയും പതിവായിരുന്നു.
ഇന്നലെ ഉച്ചയോടെ ശാസ്താംകോട്ട ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി 3 ദിവസത്തേക്കാണ് കിരണിനെ കസ്റ്റഡിയില്‍ വിട്ടത്. വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി 7 ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. കിരണിനെ 3 ദിവസത്തിനു ശേഷം കോടതിയില്‍ ഹാജരാക്കുമ്ബോള്‍ കസ്റ്റഡി കാലാവധി നീട്ടി ചോദിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. 3 ദിവസത്തിനുള്ളില്‍ മതിയായ തെളിവുകള്‍ ശേഖരിക്കാനാകില്ല. മാതാപിതാക്കള്‍, സഹോദരി, സഹോദരിയുടെ ഭര്‍ത്താവ്, സുഹൃത്തുക്കള്‍ എന്നിവരോടൊപ്പം ഇരുത്തി ചോദ്യം ചെയ്യുന്നതും പൊലീസ് പരിഗണിക്കുന്നുണ്ട്.
കിരണിന്റെ അടുത്ത സുഹൃത്തുക്കളായ അസി. മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെയും ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തും. കുറഞ്ഞ കാറാണ് സ്ത്രീധനമായി കിട്ടിയതെന്ന പേരില്‍ ഇവരില്‍ ചിലര്‍ കളിയാക്കിയതാണ് കിരണിന്റെ പ്രകോപനത്തിനു കാരണമായതെന്നും പൊലീസ് സംശയിക്കുന്നു. തെളിവു ശേഖരണം, മൊഴിയെടുക്കല്‍ തുടങ്ങി കേസുമായി ബന്ധപ്പെട്ട് വിവിധ ജോലികള്‍ക്കായി പ്രത്യേക സംഘങ്ങളെയാണ് നിയോഗിച്ചിട്ടുള്ളത്. കുറ്റപത്രം തയാറാക്കുന്നതിന്റെ പ്രാരംഭ ജോലികളും ആരംഭിച്ചിട്ടുണ്ട്.
അതേസമയം വിസ്മയയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരുടെ സംഘം പോരുവഴി ശാസ്താംനടയിലെ കിരണ്‍കുമാറിന്റെ വീട്ടിലെത്തി ഇന്നു പരിശോധന നടത്തും. വിസ്മയ ആത്മഹത്യ ചെയ്തതാണെന്ന വാദങ്ങള്‍ എത്രകണ്ട് ശരിയാണ് എന്ന് പരിശോധിക്കുകയാണ് അന്വേഷണം സംഘം. പൊലീസ് കസ്റ്റഡിയിലുള്ള കിരണിനെയും ഇതേ സമയം സ്ഥലത്ത് എത്തിക്കും. വിസ്മയ ദുരൂഹ സാഹചര്യത്തില്‍ മരിച്ച് ഒരാഴ്ച കഴിഞ്ഞെങ്കിലും ആത്മഹത്യയാണോ കൊലപാതകമാണോ എന്നു സ്ഥിരീകരിക്കാന്‍ അന്വേഷണ സംഘത്തിനായിട്ടില്ല. കൊലപാതകമാണെന്ന സംശയം ശക്തമായി നിലനില്‍ക്കുകയും ചെയ്യുന്നുണ്ട്.
21നു പുലര്‍ച്ചെ വീടിന്റെ രണ്ടാം നിലയിലുള്ള കിടപ്പുമുറിയോട് ചേര്‍ന്ന ശുചിമുറിയില്‍ തറ നിരപ്പില്‍ നിന്നും 185 സെന്റിമീറ്റര്‍ ഉയരമുള്ള ജനല്‍ കമ്ബിയില്‍ വിസ്മയ തൂങ്ങിമരിച്ചുവെന്നാണ് കിരണും കുടുംബവും നല്‍കിയ മൊഴി. എന്നാല്‍ 166 സെന്റിമീറ്റര്‍ ഉയരമുള്ള വിസ്മയ തന്നെക്കാള്‍ 19 സെന്റിമീറ്റര്‍ മാത്രം ഉയരമുള്ള ജനല്‍ കമ്ബിയില്‍ എങ്ങനെ തൂങ്ങി മരിക്കുമെന്ന സംശയം ഉത്തരമില്ലാതെ തുടരുകയാണ്.
ഇതുവരെ ലഭിച്ച മൊഴികള്‍ അനുസരിച്ച് ജനല്‍ കമ്ബിയില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ വിസ്മയയെ കണ്ടത് കിരണ്‍ മാത്രമാണ്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ പ്രാഥമിക നിഗമനം ആത്മഹത്യ എന്നാ ണെങ്കിലും സ്ഥലത്ത് എത്തി പരിശോധന നടത്തിയ ശേഷം മാത്രമേ അന്തിമ തീരുമാനത്തിലേക്ക് മെഡിക്കല്‍ സംഘം എത്തുകയുള്ളൂവെന്നു പൊലീസ് പറഞ്ഞു.