ഭാര്യയുടെ ആത്മഹത്യ: നടൻ ഉണ്ണി പി രാജൻദേവ് അറസ്റ്റിൽ
അങ്കമാലി: രാജൻ പി ദേവിൻറെ മകനും നടനുമായ ഉണ്ണിയെ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യ പ്രിയങ്കയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. മരിക്കുന്നതിനു മുൻപ് ഉണ്ണിക്കും കുടുംബത്തിനും എതിരെ പ്രിയങ്ക ഗാർഹിക പീഡനത്തിന് പോലീസിൽ പരാതി നൽകിയിരുന്നു.
അങ്കമാലിയിലെ വീട്ടിൽ നിന്നാണ് ഉണ്ണിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുള്ളത്. കൊറോണ പരിശോധനകൾക്ക് ശേഷം ഉണ്ണിയെ തിരുവനന്തപുരത്ത് എത്തിക്കും.
പ്രിയങ്കയുടെ ആത്മഹത്യയിൽ ഭർത്താവായ ഉണ്ണി പി രാജൻറെ അറസ്റ്റ് വൈകാൻ കാരണം ഇയാൾ കൊറോണ പോസിറ്റീവായതുകൊണ്ടാണെന്ന് പൊലീസ് നേരത്തെ പറഞ്ഞിരുന്നു. ഉണ്ണിയുടെ ഭാര്യയും കായികാധ്യാപികയുമായ വെമ്പായം സ്വദേശിനി പ്രിയങ്കയെ മെയ് 12 നാണ് വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഭർത്താവിൻറെയും ഭർതൃവീട്ടുകാരുടെയും പീഡനത്തെ തുടർന്നാണ് പ്രിയങ്ക ജീവനൊടുക്കിയത് എന്ന് കാണിച്ച് പ്രിയങ്കയുടെ വീട്ടുകാർ പരാതി നൽകിയിരുന്നു.