ശബരിമലയിൽ നിന്നും തട്ടിയെടുത്ത സ്വർണം വിറ്റുവെന്ന് ഉണ്ണികൃഷ്ണൻ പോറ്റി

ശബരിമലയിൽ നിന്നും തട്ടിയെടുത്ത സ്വർണം വിറ്റുവെന്ന് ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി അന്വേഷണ സംഘത്തോട് സമ്മതിച്ചു. സ്പോൺസർമാരിൽ നിന്നും ലഭിച്ച സ്വർണ്ണാഭരണങ്ങളും പണമായി മാറ്റിയെന്നും, ആ പണം ഭൂമി ഇടപാടുകൾക്ക് ഉപയോഗിച്ചതായും ചോദ്യം ചെയ്യലിൽ അദ്ദേഹം വെളിപ്പെടുത്തി. ഈ വിവരങ്ങൾ ഇന്നലെ നടന്ന ചോദ്യം ചെയ്യലിനിടെയാണ് പുറത്തുവന്നത്.
ഉണ്ണികൃഷ്ണൻ പോറ്റി രേഖകൾ നശിപ്പിച്ചതായും അന്വേഷണ സംഘം സംശയിക്കുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ വീട്ടിൽ വിപുലമായ പരിശോധന നടത്തിയത്.
തെളിവെടുപ്പിനിടെ അന്വേഷണ സംഘം നിർണായക രേഖകളും ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട ഫയലുകളും കസ്റ്റഡിയിലെടുത്തു. കൂടാതെ അനധികൃതമായി സൂക്ഷിച്ചിരുന്ന പണവും സ്വർണവും, ഹാർഡ് ഡിസ്കും പിടിച്ചെടുത്തു. ഏകദേശം പത്ത് മണിക്കൂറോളം നീണ്ടുനിന്നതാണ് പരിശോധന.
അന്വേഷണ സംഘം ഇന്നും തെളിവെടുപ്പ് തുടരുമെന്നാണ് സൂചന. തിരുവനന്തപുരം കിളിമാനൂരിലുള്ള പോറ്റിയുടെ വീട്ടിൽ തന്നെയായിരിക്കും ഇന്നത്തെ തെളിവെടുപ്പ് ആരംഭിക്കുക. ഇതോടൊപ്പം മുരാരി ബാബു ഉൾപ്പെടെയുള്ള ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരെയും ഇന്ന് ചോദ്യം ചെയ്യാൻ സംഘം തയ്യാറെടുക്കുകയാണ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു നോട്ടീസ് നൽകിയിട്ടുമുണ്ട്.
വിശ്വാസ വഞ്ചന നടത്തി ശബരിമലയിൽ നിന്നും രണ്ട് കിലോ സ്വർണം കവർച്ച നടത്തിയെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ തട്ടിയെടുത്ത സ്വർണത്തിന്റെ തുടർനടപടികളെക്കുറിച്ച് റിപ്പോർട്ടിൽ വ്യക്തതയില്ലായിരുന്നു. ഇന്നലെ വൈകുന്നേരം മുതൽ എസ്ഐടി നടത്തിയ ചോദ്യം ചെയ്യലിനിടെയാണ് ഹൈദരാബാദുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഉണ്ണികൃഷ്ണൻ പോറ്റി വ്യക്തമായ മറുപടി നൽകിയത്.
Tag: Unnikrishnan Potti claims to have sold the gold stolen from Sabarimala