keralaKerala NewsLatest News

“എന്റെ ഭാഗം ശരിയോ തെറ്റോ കോടതി തീരുമാനിക്കട്ടെ,”; ശബരിമല സ്വർണപ്പാളി വിവാദത്തിൽ പ്രതികരണവുമായി ഉണ്ണികൃഷ്ണൻ പോറ്റി

ശബരിമല സ്വർണപ്പാളി വിവാദത്തിൽ ആരോപണവിധേയനായ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി പ്രതികരിച്ചു. തനിക്ക് പറയാനുള്ള കാര്യങ്ങൾ അഭിഭാഷകൻ മുഖേന കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും, കേസ് കോടതിയിൽ തുടരുകയാണെന്നും, രേഖകൾ ആവശ്യപ്പെടുന്ന മുറയ്ക്ക് സമർപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. “എന്റെ ഭാഗം ശരിയോ തെറ്റോ കോടതി തീരുമാനിക്കട്ടെ,” എന്നാണ് പോറ്റിയുടെ നിലപാട്.

സ്വർണപ്പാളി സംബന്ധിച്ച സംശയങ്ങൾക്ക് നേരത്തെ തന്നെ ഹൈക്കോടതിയോടും അന്വേഷണ ഉദ്യോഗസ്ഥരോടും മറുപടി നൽകിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ചോദ്യം ചെയ്യലിനായി അന്വേഷണ സംഘം വിളിച്ചുവെന്ന റിപ്പോർട്ടുകളോട് പ്രതികരിക്കാൻ അദ്ദേഹം തയാറായില്ല.

മുമ്പ്, ദ്വാരപാലക ശിൽപങ്ങളുടെ പീഠം കാണാതായതായി പോറ്റി ആരോപിച്ചിരുന്നു. തുടർന്ന് ദേവസ്വം വിജിലൻസ് അത് അദ്ദേഹത്തിന്റെ സഹോദരിയുടെ വെഞ്ഞാറമ്മൂട് വീട്ടിൽ നിന്നാണ് കണ്ടെത്തിയത്.

2019-ൽ പോറ്റിയുടെ സ്പോൺസർഷിപ്പിലാണ് ശബരിമല ചെമ്പുപാളികൾക്ക് സ്വർണം പൂശിയത്. അന്ന് തന്നെ ദ്വാരപാലക ശിൽപങ്ങൾക്ക് പുതിയ പീഠവും നിർമിച്ചിരുന്നു. എന്നാൽ അളവിൽ വ്യത്യാസം കാരണം സ്ഥാപിക്കാനായില്ലെന്നും, പിന്നീട് അത് എവിടെയെന്ന് അറിയില്ലെന്നും പോറ്റി പറഞ്ഞിരുന്നു. എന്നാൽ വാസുദേവൻ എന്ന ജീവനക്കാരൻ അത് സൂക്ഷിച്ചുവെന്നും, പിന്നീട് പോറ്റിക്കു കൈമാറിയെന്നും സൂചനകളുണ്ട്.

ഹൈക്കോടതിയുടെ നിർദേശപ്രകാരം വിജിലൻസ് എസ്.പി. സുനിൽകുമാർ നേതൃത്വം നൽകിയ അന്വേഷണത്തിലാണ് പീഠം കണ്ടെത്തിയത്. പോറ്റിയുടെ തിരുവനന്തപുരം, ബംഗളൂരു വീടുകളിലും പരിശോധന നടത്തിയിരുന്നു.

അതേസമയം, കേരളത്തിന് പുറത്തുള്ള സമ്പന്നരായ അയ്യപ്പഭക്തരെ ചൂഷണം ചെയ്തതായും പോറ്റിക്കെതിരെ വിജിലൻസിന് വിവരം ലഭിച്ചിട്ടുണ്ട്. സന്നിധാനത്തിൽ വിലപിടിപ്പുള്ള സമർപ്പണം നടത്താമെന്ന് പറഞ്ഞ് പലരിൽ നിന്നും പണം സ്വീകരിച്ചതായാണ് ആരോപണം.

1998-ൽ വ്യവസായി വിജയ് മല്യ ശബരിമല ശ്രീകോവിലും ദ്വാരപാലക ശിൽപങ്ങളും പീഠങ്ങളും സ്വർണം പൊതിഞ്ഞ് നൽകിയിരുന്നു. എന്നാൽ 2019-ൽ അത് മങ്ങലേറ്റതോടെ ദേവസ്വം ബോർഡ് ഉണ്ണികൃഷ്ണൻ പോറ്റിയെ സമീപിക്കുകയായിരുന്നു. ജൂലൈ 2019-ൽ തിരുവാഭരണ കമ്മീഷണറും ശബരിമല അധികൃതരും തന്ത്രിയും സാന്നിധ്യത്തിൽ സ്വർണം പൂശിയ പാളികൾ പോറ്റിയുടെ കൈയിൽ ഏല്പിച്ചു.

പിന്നീട് തൂക്കിയപ്പോൾ നാൽക്കിലോ കുറവ് കണ്ടെത്തി. ഹൈക്കോടതി അതിനെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുകയും, “നാലു കിലോ എവിടെ പോയി?” എന്ന് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

Tag: Unnikrishnan Potty responds to Sabarimala gold medallion controversy

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button