generalHealthinformation

ഗർഭപാത്രത്തിൽ അല്ല കരളിൽ

യു പി യിലെ യുവതിയുടെ MRI സ്കാനിലാണ് കുട്ടി ഗർഭപാത്രത്തിൽ നിന്നും മാറി കരളിൽ വളരുന്നതെന്ന് കണ്ടെത്തിയത്

യുപിയിലെ ബുലന്ദ്ഷഹറിലെ ഒരാശുപത്രിയിൽ ചികിത്സയ്ക്കെക്കെത്തിയതാണ് ഗർഭിണിയായ 30കാരി. ഇവരുടെ എംആർഐ സ്കകാൻ പരിശോധിച്ച ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും ഞെട്ടി. ഗർഭലക്ഷണങ്ങളുമായെത്തിയ യുവതിയുടെ പന്ത്രണ്ട് ആഴ്‌ച പ്രായമുള്ള ഭ്രൂണം വളരുന്നത് ഗർഭപാത്രത്തിലായിരുന്നില്ല, മറിച്ച് അവരുടെ കരളിലായിരുന്നു. ഇത്തരം അപൂർവവും അപകടകരവുമായ അവസ്ഥയെ ആരോഗ്യ മേഖലയിലുള്ളവർ വിളിക്കുന്ന പേര് ഇൻട്രാഹെപ്പറ്റിക്ക് എക്ടോപിക്ക് പ്രഗ്നൻസി എന്നാണ്. ഇത്തരം അവസ്ഥയുള്ള സ്ത്രീകളിൽ ഭ്രൂണം വളരുന്നത് കരളിലെ കലകൾക്കുള്ളിലായിരിക്കും. ഇന്ത്യയിൽ ഇത്തരത്തിൽ റിപ്പോർട്ട് ചെയ്‌ത ആദ്യ കേസാണിതെന്ന് വിദഗ്ദർ പറയുന്നു.

എക്ടോപിക്ക് ഗർഭധാരണത്തെ കുറിച്ച് വിദഗ്‌ദർ പറയുന്നത് ഇങ്ങനെയാണ്: ഗർഭാശയത്തിന് പുറത്ത്, അതായത് സാധാരണയായി ഫലോപ്യൻ ട്യൂബുകളിൽ ഒന്നിൽ ബീജ സങ്കലനം ചെയ്ത അണ്ഡം ഇംപ്ലാന്റ് ചെയ്യപ്പെടുന്ന അവസ്ഥയാണിത്. ഈ ട്യൂബുകളാണ് അണ്ഡാശയത്തെ ഗർഭാശയവുമായി ബന്ധിപ്പിക്കുന്നത്. ഭ്രൂണം വികസിക്കുന്നത് ഫലോപ്യൻ ട്യൂബിലാണെങ്കിൽ, അവിടെ ഇരുന്ന് വളരാൻ സാധിക്കില്ല. ഇത് അമ്മയുടെ ജീവന് ഭീഷണിയാവുകയും ചെയ്യും. ഇനി ഇത്തരം അവസ്ഥകളെ തന്നെ നാലു രീതിയിൽ തരംതിരിച്ചിട്ടുണ്ട്. ഫലോപ്യൻ ട്യൂബുകൾക്കുള്ളിൽ ബീജസങ്കലനം നടന്ന അണ്ഡം ഇംപ്ലാന്റ് ചെയ്യപ്പെട്ടാൽ അതിനെ ട്യൂബൽ എക്ടോപിക്ക് പ്രഗ്നൻസി എന്നാണ് പറയുക. ഇതേ ഫലോപ്യൻ ട്യൂബിൻ്റെ ഇടുങ്ങിയ ഭാഗത്താണ് ഇത് സംഭവിക്കുന്നതെങ്കിൽ ഇൻ്റർസ്ടീഷ്യൽ എക്ടോപിക് പ്രഗ്നൻസിയെന്നും പറയപ്പെടുന്നു. സിസേറിയൻ സ്‌കാർ എക്ടോപിക്ക് പ്രഗ്നൻസി, ഹെടീരിയോടോപിക്ക് എക്ടോപിക്ക് പ്രഗ്നൻസി, സെർവിക്കൽ എക്ടോപിക്ക് പ്രഗ്നൻസി എന്നിങ്ങനെ മറ്റ് മൂന്നു തരം എക്ടോപിക്ക് പ്രഗ്നൻസി അവസ്ഥയും ഉണ്ടാകാറുണ്ട്.

ചികിത്സിക്കാതിരുന്നാൽ ഗർഭിണിയായ സ്ത്രീയുടെ ജീവന് തന്നെ ഭീഷണിയാവുന്ന ഈ അവസ്ഥയിൽ, ശരീരത്തിനുള്ളിൽ ബ്ലീഡിംഗുണ്ടാവാനും സാധ്യതയുണ്ട്. ഭ്രൂണം ഗർഭപാത്രത്തിന് പുറത്ത് വളരുന്നതിനാൽ ഇത് തുടർന്ന് പോകുന്നത് അനുവദിക്കാൻ കഴിയില്ല. മരുന്ന് നൽകിയോ അല്ലെങ്കിൽ ശസ്ത്രക്രിയ ചെയ്തോ ഇത്തരം വളർച്ച ഇല്ലാതാക്കുകയാണ് സാധാരണ ചെയ്യുന്നത്. ഇത്തരം അവസ്ഥകൾക്ക് പ്രത്യേകം ലക്ഷണങ്ങളൊന്നും ഉണ്ടാവുകയില്ല. സാധാരണ പ്രഗ്നൻസി സ്കാനുകൾ ചെയ്യുമ്പോൾ മാത്രമേ ഇത് കണ്ടെത്താൻ സാധിക്കൂ. ഇനി അഥവാ എന്തെങ്കിലും ലക്ഷണമുണ്ടായാൽ അത് നാലാമത്തെയോ പന്ത്രണ്ടാമത്തെയോ ആഴചകളിൽ മാത്രമായിരിക്കും. ഒരു വശത്തുള്ള വയറ് വേദന, ബ്ലീഡിംഗ്, തോളിലെ വേദന, മലമൂത്ര വിസർജനത്തിനിടയിലുണ്ടാകുന്ന വേദന എന്നിവയാണ് ഈ സമയത്തുണ്ടാകാൻ ഇടയുള്ള ലക്ഷണങ്ങൾ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button