ഇന്ത്യയ്‌ക്കെതിരെ അമേരിക്കയുടെ അധിക തീരുവ ഇന്ന് മുതൽ പ്രാബല്യത്തിൽ
ഇന്ത്യയ്‌ക്കെതിരെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച അധിക തീരുവ ഇന്ന് മുതൽ പ്രാബല്യത്തിൽ. റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്തതിന് 25 ശതമാനം പിഴച്ചുങ്കവും, ഇതിനോടൊപ്പം 25 ശതമാനം പകരച്ചുങ്കവും ചേർന്നാണ് ആകെ 50 ശതമാനം തീരുവ നിലവിൽ വരുന്നത്. തിങ്കളാഴ്ച യുഎസ് ആഭ്യന്തര സുരക്ഷാ മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം പുറത്തിറക്കിയിരുന്നു.
ഇതനുസരിച്ച് ബുധനാഴ്ച ഇന്ത്യൻ സമയം രാവിലെ ഒമ്പത് മണിക്കുശേഷം അമേരിക്കൻ വിപണിയിലെത്തുന്ന എല്ലാ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കും പുതിയ തീരുവ ബാധകമാകും. തുണിത്തരങ്ങൾ, റെഡി-മേഡ് വസ്ത്രങ്ങൾ, രത്‌നാഭരണങ്ങൾ, ചെമ്മീൻ, തുകൽ, ചെരുപ്പ്, രാസവസ്തുക്കൾ, വൈദ്യുത-മെക്കാനിക്കൽ ഉപകരണങ്ങൾ, മൃഗോൽപ്പന്നങ്ങൾ തുടങ്ങി നിരവധി മേഖലകളാണ് ഏറ്റവും കൂടുതൽ ബാധിക്കപ്പെടുന്നത്. എന്നാൽ മരുന്നുകൾ, ഊർജോൽപ്പന്നങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയ്ക്ക് തീരുവ ബാധകമല്ല.
ട്രംപിന്റെ തീരുമാനം മൂലം ഇന്ത്യൻ കയറ്റുമതികളുടെ മൂല്യം കഴിഞ്ഞ വർഷത്തേക്കാൾ 40 മുതൽ 45 ശതമാനം വരെ ഇടിയുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. 25 ശതമാനത്തിൽ നിന്ന് 50 ശതമാനമായി തീരുവ ഉയർത്താനുള്ള പദ്ധതി ട്രംപ് ഈ മാസം ആദ്യം പ്രഖ്യാപിച്ചിരുന്നു, നടപ്പാക്കാനുള്ള സമയപരിധി ഓഗസ്റ്റ് 27 ആയും നിശ്ചയിച്ചിരുന്നു.
ഇതിനിടെ, അമേരിക്കൻ നടപടിയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പ്രതികരിച്ചു. എത്ര സമ്മർദ്ദം വന്നാലും അതിനെ നേരിടാനുള്ള ശക്തി ഇന്ത്യ വളർത്തിക്കൊണ്ടിരിക്കുകയാണെന്നും സാമ്പത്തിക സ്വാർത്ഥതയെ അടിസ്ഥാനമാക്കിയുള്ള സംരക്ഷണവാദ നടപടികൾക്കെതിരെ രാജ്യം ഉറച്ചുനിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിൽ എപ്പോഴും പൗരന്മാരുടെ താൽപര്യങ്ങളാണ് മുൻഗണനയ്ക്കുള്ളതെന്നും മോദി കൂട്ടിച്ചേർത്തു.
Tag: US additional tariffs against India come into effect from today