ട്രംപ് പ്രഖ്യാപിച്ച ഇറക്കുമതി തീരുവകളിൽ ഭൂരിഭാഗവും നിയമവിരുദ്ധമെന്ന് അമേരിക്കയിലെ അപ്പീൽ കോടതി

പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പ്രഖ്യാപിച്ച ഇറക്കുമതി തീരുവകളിൽ ഭൂരിഭാഗവും നിയമവിരുദ്ധമെന്ന് അമേരിക്കയിലെ അപ്പീൽ കോടതി വിധി. അടിയന്തര സാമ്പത്തിക സാഹചര്യത്തിലാണ് താരിഫുകൾ കൊണ്ടുവന്നതെന്ന ട്രംപിന്റെ വാദം കോടതി തള്ളിക്കളഞ്ഞു. എന്നാൽ ഒക്ടോബർ 14 വരെ സർക്കാരിന് സുപ്രീംകോടതിയെ സമീപിക്കാനുള്ള അവസരം നൽകിയിട്ടുള്ളതിനാൽ, അതുവരെ ഈ വിധി പ്രാബല്യത്തിൽ വരില്ല.
കോടതിയുടെ നിരീക്ഷണത്തിനെതിരെ ട്രംപ് ശക്തമായി പ്രതികരിച്ചു. “അമേരിക്കയെ തകർക്കാനുള്ള നീക്കമാണ് ഇത്. അപ്പീൽ കോടതി പക്ഷപാതപരമായി പെരുമാറുന്നു” എന്നായിരുന്നു ട്രംപ് തന്റെ സാമൂഹികമാധ്യമമായ ട്രൂത്തിൽ കുറിച്ചത്.
വിദേശരാജ്യങ്ങളിൽ സാമ്പത്തികവും രാഷ്ട്രീയവുമായ സമ്മർദം ചെലുത്താനുള്ള മാർഗമായി ഇറക്കുമതി തീരുവകളെ കണ്ടിരുന്ന ട്രംപിന്റെ നിലപാടിനെ കോടതി കർശനമായി വിമർശിച്ചു. അടിയന്തര സാമ്പത്തിക അധികാര നിയമപ്രകാരം (Emergency Economic Powers Act) തന്റെ താരിഫ് നയങ്ങൾ അനുവദനീയമാണെന്നാണ് ട്രംപിന്റെ വാദം. എന്നാൽ, ഈ നിയമത്തിലെ വിവേചനാധികാരം ഉപയോഗിച്ച് ഇറക്കുമതി തീരുവകൾ ഏർപ്പെടുത്താൻ സാധ്യമല്ലെന്ന് കോടതി വ്യക്തമാക്കി. കോടതി വിധിക്കെതിരെ വീണ്ടും പ്രതികരിച്ച ട്രംപ്, “ഇത്തരത്തിലുള്ള തീരുമാനങ്ങൾ അമേരിക്കയെ ദുര്‍ബലപ്പെടുത്തും, രാജ്യത്തെ നശിപ്പിക്കാനിടയാക്കും” എന്ന് മുന്നറിയിപ്പ് നൽകി.
Tag: US appeals court rules most of Trump’s import tariffs illegal