സൂം വിചാരണക്കിടയിൽ അറ്റോർണിക്ക് പകരം മോണിറ്ററിൽ കണ്ടത് പൂച്ച; ജഡ്ജി ഞെട്ടി

അമേരിക്കയിലെ ടെക്‌സാസിൽ സൂം മീറ്റിങ് വഴി കേസ് പരിഗണിക്കവേ നടന്ന സംഭവമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. ജഡ്‌ജിയടക്കം പങ്കെടുത്തുക്കൊണ്ട് നടക്കുന്ന കേസിന്റെ വാദത്തിനിടയിലാണ് ടെക്‌സാസ് അറ്റോർണി റോഡ് പോന്റൺ സൂം മീറ്റിങ്ങിലേക്ക് ചേരുന്നത്. പക്ഷെ മീറ്റിങിൽ പങ്കെടുത്തിരുന്നവരെല്ലാം ഒരു നിമിഷം ഞെട്ടി. ടെക്‌സാസ് അറ്റോർണിക്ക് പകരം മോണിറ്ററിൽ കണ്ടത് പൂച്ചയെ. ജഡ്‌ജിയടക്കം അമ്പരന്നു.
സാധാരണയായി സൂം മീറ്റിങ് തുടങ്ങുന്നതിന് മുമ്പ് ചില ഓപ്‌ഷനുകൾ നിർദേശങ്ങളായി വരാറുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് ഫിൽട്ടറുകൾ. സൂം മീറ്റിങിനിടെ ചിലർ തമാശയ്‌ക്ക് ഫിൽട്ടറുകൾ ഉപയോഗിക്കാറുണ്ടെങ്കിലും, അറിയാതെ അതിൽ ക്ലിക്ക് ചെയ്‌താൽ ടെക്‌സാസിലെ അറ്റോർണിക്ക് പറ്റിയ അബദ്ധം ആർക്കും സംഭവിക്കും.
അൽപനേരത്തെ അമ്പരപ്പിനും, ചിരിയ്‌ക്കും ശേഷം ജഡ്‌ജി വിഷയത്തിൽ ഇടപെട്ടു. ഉടനെ അറ്റോർണിയോട് കാര്യമെന്തെന്ന് ചോദിക്കുകയും ചെയ്‌തു. എന്നാൽ സാങ്കേതിക പ്രശ്‌നമാണ് വന്നെതന്നും ഉടൻ പരിഹരിക്കാമെന്നും അറ്റോർണി ജഡ്‌ജിയെ അറിയിച്ചു. പ്രശ്‌നം വേഗം പരിഹരിക്കണമെന്നും നിയമവിദഗ്‌ധർ ശ്രദ്ധയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യണമെന്നും നിർദേശിച്ചു. ജഡ്‌ജി തന്നെയാണ് പിന്നീട് വീഡിയോ ട്വിറ്ററിൽ ഷെയർ ചെയ്‌തത്. ജഡ്‌ജി ഷെയർ ചെയ്‌ത വീഡിയോ ഇതിനോടകം ട്വിറ്ററിൽ ട്രെന്റിങായി. കാൽലക്ഷത്തിലേറെ ലൈക്കുകളും, 5,000 റീട്വീറ്റുകളും പോസ്‌റ്റ് നേടി.