ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അധിക തീരുവ ചുമത്താൻ യൂറോപ്യൻ യൂണിയനോട് സമ്മർദ്ദം ചെലുത്തി അമേരിക്ക
ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അധിക തീരുവ ചുമത്താൻ യൂറോപ്യൻ യൂണിയനോട് സമ്മർദ്ദം ചെലുത്തി അമേരിക്ക. ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണയും പ്രകൃതിവാതകവും വാങ്ങുന്നത് പൂർണ്ണമായും നിർത്തണമെന്ന് വൈറ്റ് ഹൗസ് ആവശ്യപ്പെട്ടിട്ടുണ്ട്. റഷ്യൻ എണ്ണ ഇറക്കുമതി തുടരുന്നതിലും ചൈനയുമായുള്ള സൗഹൃദം ശക്തിപ്പെടുത്തുന്നതിലും ഇന്ത്യ അമേരിക്കൻ നിലപാടിന് വഴങ്ങാത്തതാണ് ട്രംപ് ഭരണകൂടത്തിന്റെ പുതിയ നീക്കത്തിന് പിന്നിലെന്ന് സൂചന.
റഷ്യയിൽ നിന്ന് ഏറ്റവുമധികം എണ്ണ വാങ്ങുന്നത് ചൈനയാണ്. അതുപോലെ തന്നെ യൂറോപ്യൻ രാജ്യങ്ങളും റഷ്യൻ ഊർജ്ജ ഉൽപ്പന്നങ്ങളിൽ ആശ്രിതരാണ്. എന്നാൽ ഇന്ത്യക്കെതിരേ മാത്രം 50 ശതമാനം അധിക തീരുവ ചുമത്തിയ അമേരിക്കയുടെ തീരുമാനം, ഇന്ത്യ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. ഉക്രൈൻ- റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായിട്ടാണിതെന്ന് വാഷിംഗ്ടൺ വ്യക്തമാക്കിയെങ്കിലും, ഇന്ത്യയെ മാത്രം ലക്ഷ്യം വയ്ക്കുന്ന നടപടിയായാണ് ഇത് കാണപ്പെടുന്നത്. റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിനെതിരെ മിക്ക യൂറോപ്യൻ രാജ്യങ്ങളും ഇതുവരെ തുറന്ന നിലപാട് എടുത്തിട്ടില്ല. ട്രംപിന്റെ തീരുവ നീക്കത്തെ അവർ പരസ്യമായി പിന്തുണച്ചോ എതിർത്തോ ചെയ്തിട്ടില്ല.
ഇതിനിടെ, ടിയാൻജിനിൽ നടക്കുന്ന എസ്‌സിഒ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ്, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എന്നിവർ പങ്കെടുക്കുന്നു. ഇവരുടെ കൂടിക്കാഴ്ചയിൽ അമേരിക്കയുടെ സമ്മർദ്ദം പ്രധാന ചർച്ചാവിഷയമാകുമെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് അമേരിക്ക, ഇന്ത്യക്കെതിരെ യൂറോപ്യൻ യൂണിയനെ പ്രേരിപ്പിക്കുന്ന നീക്കത്തിലേർപ്പെട്ടിരിക്കുന്നത്.
Tag: US pressures EU to impose additional tariffs on Indian products