ഉത്തർപ്രദേശിൽ കോവിഡ് രോഗിയുടെ മൃതദേഹം പാലത്തിൽ നിന്ന് നദിയിലേക്ക് എറിഞ്ഞു; ദൃശ്യങ്ങൾ പുറത്ത്
ലഖ്‌നൗ: കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം നദിയിലേക്ക് ഉപേക്ഷിച്ചു. ഉത്തർപ്രദേശിലെ ബൽറാംപുരിലാണ് സംഭവം നടന്നത്. രണ്ടുപേർ ചേർന്നാണ് മൃതദേഹം റാപ്തി നദിയിലേക്ക് എറിഞ്ഞത്. ഇതിൽ ഒരാൾ പിപിഇ കിറ്റ് ധരിച്ചിരുന്നു. സംഭവത്തിന്റെ വിഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചതായി അറിയിച്ചിരുന്നു.
മൃതദേഹം കോവിഡ് രോഗിയുടേതാണെന്നും ബന്ധുക്കൾ അത് നദിയിലേക്ക് വലിച്ചെറിയുകയുമായിരുന്നെന്ന് ബൽറാംപുർ ചീഫ് മെഡിക്കൽ ഓഫീസർ വ്യക്തമാക്കി. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു മൃതദേഹം നൽകിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. മെയ് 28നായിരുന്നു കോവിഡ് ബാധിച്ച് മരിച്ച ആളുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയത്.
അതേസമയം പാലത്തിൽ നിന്ന് മൃതദേഹം ഉപേക്ഷിക്കാനുള്ള ശ്രമം നടക്കവെയാണ് അത് വഴി കാറിലെത്തിയ ഒരാൾ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തിയത്. വിഡിയോ സാമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.