ഓരോ റാങ്ക് ലിസ്റ്റും തൊഴിൽ രഹിതന്റെ കണ്ണീരും കിനാവുമാണ്

കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി പി എസ് സി യുടെ ക്രൂരത ഒരു ഉദ്യോഗാർത്ഥിയുടെ ജീവൻ നഷ്ടമാകാൻ കാരണമായതിനു പിറകെ അനുവിന്റെ ആത്മഹത്യ ഖേദകരമാണെന്നും, അനു ഉൾപ്പെട്ട പിഎസ്‍സി ലിസ്റ്റ് റദ്ദ് ചെയ്തിട്ടില്ല എന്ന വാദവുമായി പി എസ് സി രംഗത്ത് വന്നിരിക്കുന്നു. പി എസ് സി ചെയർമാന്റെ സമീപ കാലത്തെ നിലപാടുകൾ തൊഴിൽ രഹിതരായ യുവജനങ്ങൾക്ക് വിരുദ്ധമാണെന്നു കേരള ജനത ഒന്നടങ്കം വിധിയെഴുതപ്പെടുമ്പോൾ, ഒന്നും അറിഞ്ഞിട്ടില്ലെന്നും, തങ്ങൾ ഒന്നും ചെയ്തിട്ടില്ലെന്നും കൈ കഴുകാൻ ശ്രമിക്കുകയാണ് പി എസ് സി. എന്ത് ന്യായമാണ് ഇതിനു പരിഹാരമാവുക, ഒരിക്കൽ റദ്ദാക്കിയെന്നും, പിന്നെ റദ്ദാക്കിയില്ലെന്നു മൊക്കെ തിരിച്ചും മറിച്ചും പറഞ്ഞു വിലപേശി കളിക്കാനുള്ള പാവക്കുട്ടികളാണോ കേരളത്തിലെ തൊഴിൽ രഹിതർ. അതാണ് മനസിലാകാത്തത്.
റാങ്ക് ലിസ്റ്റിൽ 76ാം റാങ്കുകാരനായിട്ടും ജോലി ലഭിക്കാത്തതിൽ മനംനൊന്ത് അനു എന്ന യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ വിശദീകരണവുമായി രംഗത്ത് വന്ന പി.എസ്.സി, അനു ഉൾപ്പെട്ട പിഎസ്‍സി ലിസ്റ്റ് റദ്ദ് ചെയ്തിട്ടില്ല എന്നാണു ഇപ്പോൾ പറഞ്ഞിരിക്കുന്നത്. ഇത്തരം ലക്കും ലഗാനുമില്ലാത്തവരാണോ പി എസ് സി ചെയർമാന്റെ കസേരയിൽ ഇരിക്കേണ്ടത്. റാങ്ക് ലിസ്റ്റിൽ 50 പേർക്ക് നിയമനം നൽകിയിരുന്നു എന്നും, 75 പേർക്ക് നിയമന ശുപാർശ നൽകിയിരുന്നു എന്നും, 76ാം റാങ്കുകാരൻ ആയതിനാൽ അനു അതിൽ ഉൾപ്പെട്ടില്ലെന്നുമാണ് പി.എസ്.സിയുടെ വിശദീകരണം. പി.എസ്.സിക്കെതിരെ വിമർശനം ഉന്നയിച്ച ഉദ്യോഗാർഥികളെ വിലക്കാനും ശിക്ഷാനടപടികൾ സ്വീകരിക്കാനുമുള്ള നീക്കത്തിൽനിന്നും പി.എസ്.സി പിൻമാറിയതായും ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നു. ഇത്തരം ഒരു സാഹചര്യം ഉണ്ടാവാൻ
അനു എന്ന ഒരു ദരിദ്രനായ യുവാവിന്റെ ജീവന്റെ രക്തസാക്ഷിത്തം വേണ്ടിയിരുന്നോ. സംസ്ഥാനമൊട്ടാകെ പ്രതിപക്ഷ പാർട്ടികളും ഉദ്യോഗാർഥികളും കടുത്ത വിമർശനം ഉയർത്തിയ സാഹചര്യത്തിലാണ് പി എസ് സി നിലപാട് മാറ്റിയിരിക്കുന്നത്.
കാസർകോട്ട് ജില്ലയിലെ സ്റ്റാഫ് നഴ്‌സ്, ആയുർവേദ കോളേജിലെ ഫിസിയോ തെറാപ്പിസ്റ്റ്, ആരോഗ്യ വകുപ്പിലെ ജനറൽ ഫിസിയോതെറാപ്പിസ്റ്റ് തുടങ്ങിയ തസ്തികകളിലെ ഉദ്യോഗാർഥികൾക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കുമെന്നാണ് നേരത്തെ പി എസ് സി വ്യക്തമാക്കിയിരുന്നത്. അവർ സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയും പി.എസ്.സിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചുവെന്ന് കാരണം ചൂണ്ടിക്കാട്ടി, സത്യത്തിൽ പി എസ് സി ചെയർമാൻ കേരളത്തിലെ ഉദ്യോഗാർത്ഥികളെ ഭീക്ഷണിപ്പെടുത്തുകയായിരുന്നു. പി എസ് സി ചെയ്യുന്നതെല്ലാം ശരിയെന്നു പറയിക്കാൻ ചട്ടം കെട്ടുകയായിരുന്നു. പി എസ് സി ചെയർമാനെ തൂക്കിയെടുത്ത് വലിച്ചെറിയണമെന്ന ആവശ്യവുമായി യുവജനത തെരുവിലിറങ്ങിയപ്പോൾ പി എസ് സി തറ തരം താണ നിലപാട് മാറ്റുകയായിരുന്നു. പി എസ് സി ക്കെതിരെ പ്രതിഷേധം ഉന്നയിച്ചവരുടെ ആരോപണങ്ങളെക്കുറിച്ച് വിജിലൻസ് അന്വേഷണം നടത്തുമെന്നും, വിജിലൻസിന് മുന്നിൽ ഉദ്യോഗാർഥികൾക്ക് അവരുടെ ഭാഗം വിശദീകരിക്കാൻ അവസരം നല്കുമെന്നുമാണ്, ഇപ്പോൾ പറയുന്നത്. ഇതും ഒന്നുകൊണ്ടും ന്യായീകരിക്കാൻ കഴിയുന്നതല്ല. കാരണം, വിജിലൻസ് അന്വേഷണത്തിന് ശേഷം മറ്റുനടപടികളിലേക്ക് കടക്കൂവെന്നു പി.എസ്.സി വ്യക്തമാക്കുന്നുണ്ട്. അതിൽ നിന്ന് തന്നെ, പി എസ് സി പിടിച്ച കൊമ്പിൽ തന്നെ കടിച്ചു തൂങ്ങുന്നു എന്ന് വ്യക്തമാവുകയാണ്.
പ്രകടനപത്രികയിൽ എൽ.ഡി.എഫ് യുവാക്കൾക്ക് നൽകിയ വാഗ്ദാനങ്ങൾ എല്ലാം എവിടെ പോയി. നിയമന നിരോധനം ഉണ്ടായിട്ടില്ല. ഒഴിവുകൾ പത്ത് ദിവസത്തിനകം റിപ്പോർട്ട് ചെയ്യും എന്നിങ്ങനെ എന്തൊക്കെ തള്ളാണ് യുവാക്കളുടെ വോട്ടിനു വേണ്ടി പറഞ്ഞിരുന്നത്. നേതാക്കൻമാരും , കൺസെൽട്ടൻസികളും, പത്താം ക്ലാസ് പാസ്സാവാത്ത സ്വപ്‌നമാരും അധികാരത്തിന്റെ ഇടനാഴികളിൽ നിറഞ്ഞാടുന്നതാണ് കേരളം ഇന്ന് കാണുന്നത്. കഷ്ടപ്പെട്ട് പഠിച്ച് റാങ്ക് ലിസ്റ്റിൽ കയറിപ്പറ്റുന്ന യുവജനതയെ പറഞ്ഞു പറ്റിക്കുകയാണ് ചെയ്യുന്നത്. ഓരോ റാങ്ക് ലിസ്റ്റിലും ഒരു പാട് കുടുംബങ്ങളുടെ ജീവിതങ്ങളുടെ കണ്ണീരും കിനാവും ഉണ്ട്. ഇതൊന്നും അറിയാത്തവരെ പി എസ് സി ചെയർമാന്റെ കസേരയിൽ പിടിച്ചിരുത്തി കേരളത്തിലെ തൊഴിൽ രഹിതരെ വെറും പൊട്ടന്മാരാക്കാൻ നോക്കരുത്. ഇത് കേരളമാണ്. തള്ളുകൾ, തള്ളുകൾതന്നെ എന്ന് തിരിച്ചറിയുന്ന ജനമാണ് ഇവിടെയുള്ളത്. നുണകൾ നിരത്തി പാവം തൊഴിൽ രഹിതരെ ഇനിയും കബളിപ്പിക്കരുത്.