”ആശുപത്രിയിലെ ഡോക്ടർമാരോട്, സമാശ്വസിപ്പിച്ചവരോട്, അച്ഛനെ നെഞ്ചേറ്റിയ ജനസഹസ്രങ്ങളോട്, പാർട്ടിയോട്”; ഫേസ്ബുക്ക് കുറിപ്പുമായി വി.എ അരുൺ
മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ചവർക്കും, അന്ത്യാഭിവാദനം അർപ്പിക്കാൻ എത്തിച്ചേർന്നവർക്കും നന്ദി രേഖപ്പെടുത്തി മകൻ വി എ അരുൺകുമാർ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം തന്റെ പ്രതികരണം പങ്കുവച്ചത് – അതീവവൈകാരികമാണ് കുറിപ്പ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഇന്നത്തെ പ്രഭാതം അച്ഛൻ ഒപ്പമില്ലെന്ന തിരിച്ചറിവിന്റേതുകൂടിയാണ്. കടന്നുപോയ ഒരു മാസക്കാലവും അച്ഛനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ കഴിഞ്ഞേക്കും എന്ന പ്രത്യാശ വെച്ചുപുലർത്തിയെങ്കിലും വിധിവിഹിതം മറിച്ചായിപ്പോയി. രോഗശയ്യയിൽ കിടക്കുന്ന അച്ഛനെ കാണാൻ താൽപ്പര്യപ്പെട്ട നൂറുകണക്കിന് അച്ഛന്റെ അടുപ്പക്കാരുണ്ടായിരുന്നു. ഡോക്ടർമാരുടെ കർശന നിർദ്ദേശം നിലവിലുണ്ടായിരുന്നതിനാൽ അന്ത്യ നാളുകളിൽ ആരെയും കാണാൻ അനുവദിക്കാൻ കഴിഞ്ഞില്ല. പലർക്കും ഇക്കാര്യത്തിൽ വിഷമമുണ്ടായിട്ടുണ്ടാവും. ആശുപത്രിയിൽ വന്ന് സമാശ്വസിപ്പിച്ചവരോടുപോലും വേണ്ടത്ര ഊഷ്മളമായി പ്രതികരിച്ചുവോ എന്ന് സംശയമുണ്ട്. അച്ഛന്റെ വിയോഗം സ്വയം അംഗീകരിക്കാൻ പോലും ഏറെ സമയമെടുത്തു. പിന്നീടങ്ങോട്ട് നടന്നതെല്ലാം ഒരു സ്വപ്നംപോലെ മാത്രമേ ഓർത്തെടുക്കാനാവുന്നുള്ളു. അച്ഛനോടൊപ്പം ബസ്സിലിരുന്ന് വലിയ ചുടുകാട് വരെയുള്ള യാത്രയിലുടനീളം കൺമുന്നിലൂടെ ഒഴുകിനീങ്ങിയ ജനസമുദ്രത്തെ കൂപ്പുകൈകളോടെ സ്മരിക്കുന്നു. മണിക്കൂറുകൾ കാത്തുനിന്നിട്ടും അന്ത്യാഭിവാദ്യം അർപ്പിക്കാൻ പോലും കഴിയാതെ നിരാശരായവരുണ്ട് എന്ന് മനസ്സിലാക്കുന്നു. എല്ലാവരോടും നന്ദിയുണ്ട്. ആശുപത്രിയിലെ ഡോക്ടർമാരോട്, സമാശ്വസിപ്പിച്ചവരോട്, അച്ഛനെ നെഞ്ചേറ്റിയ ജനസഹസ്രങ്ങളോട്, പാർട്ടിയോട്….
Tag: V.A. Arun wrote on Facebook