‘അകത്ത് സുരക്ഷിതമായിരുന്നാൽ ഐശ്വരത്തിന്റെ സൈറൺ കേൾക്കാം’ ; ബ്രേക്ക് ദ ചെയ്ൻ കാമ്പെയിനിൽ പങ്കുചേർന്ന് പ്രിയതാരം
സംസ്ഥാനത്ത് കൊറോണ വ്യാപനം ദിനംപ്രതി വർദ്ധിച്ചുവരുകയാണ്. അതിനിടെ കൊറോണ കാലത്ത് സുരക്ഷിതമായി വീട്ടിലിരിക്കാൻ മലയാളികളെ ഓർമപ്പെടുത്തി സിനിമാ താരം മോഹൻലാൽ. ബ്രേക്ക് ദ ചെയ്ൻ കാമ്പെയിന്റെ പോസ്റ്റർ സമൂഹ മാധ്യമത്തിൽ പങ്കുവച്ചാണ് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ ഈ സന്ദേശം പങ്കുവച്ചിരിക്കുന്നത്.

നാടോടിക്കാറ്റ് എന്ന സിനിമയിലെ തന്റെ ഡയലോഗ് വച്ചുള്ള പോസ്റ്റർ താരം ഷെയർ ചെയ്തു. ‘അകത്ത് സുരക്ഷിതമായിരുന്നാൽ ഐശ്വരത്തിന്റെ സൈറൺ കേൾക്കാം’ എന്ന സന്ദേശത്തോടൊപ്പം മോഹൻലാലിന്റെ കാർട്ടൂൺ ചിത്രവുമുണ്ട്. ആളുകളെ ചിരിപ്പിക്കുന്നതിന്റെ കൂടെ ചിന്തിപ്പിക്കുന്നുകൂടിയുണ്ട് ചിത്രം. മാസ്‌ക് ഉപയോഗിക്കാനും ഇടയ്ക്കിടെ കൈ കഴുകാനും മോഹൻലാൽ മലയാളികളോട് പറയുന്നു.
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ കൊറോണ വ്യാപനം കുറക്കാൻ വീട്ടിലിരിക്കാനാണ് മാധ്യമങ്ങളും സർക്കാരും പൊലീസുമെല്ലാം ജനങ്ങളോട് പറയുന്നത്. അധികൃതരെല്ലാം സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണവുമായി രംഗത്തുണ്ട്. അതേസമയം സംസ്ഥാനത്ത് പ്രതിദിനം 30000ൽ അധികം പേർക്കാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്.