മറ്റ് സ്ഥാനാര്‍ത്ഥികളെപ്പോലെ നേമത്ത് താന്‍ ദേശാടനക്കിളിയല്ല; വി. ശിവന്‍കുട്ടി
നേമം മണ്ഡലത്തില്‍ മറ്റു രണ്ട് സ്ഥാനാര്‍ഥികളെ പോലെ താന്‍ ദേശാടന കിളിയല്ലെന്ന് ഇടത് പക്ഷ സ്ഥാനാര്‍ഥി വി.ശിവന്‍കുട്ടി. നേമത്തിന് ഞാന്‍ അന്യനല്ലെന്നും മറ്റു രണ്ട് സ്ഥാനാര്‍ഥികള്‍ക്കും മണ്ഡലത്തിലെ ജനങ്ങളുമായി ഒരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് മുഖ്യ എതിരാളി ബി.ജെ.പിയാണെന്നും, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫും ബി.ജെ.പിയും തമ്മിലായിരുന്നു മത്സരമെന്നും ശിവന്‍ കുട്ടി പറഞ്ഞു. ഇത്തവണയും അങ്ങനെ തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാന മന്ത്രിയായിരുന്നപ്പോള്‍ മത്സരിച്ച് തോറ്റയാളാണ് കെ.മുരളീധരന്‍, മണ്ഡലത്തില്‍ വിജയിക്കുമെന്ന വിശ്വാസമുണ്ടായിരുന്നെങ്കില്‍ എം.പി സ്ഥാനം രാജി വെച്ച് മത്സരിക്കുന്നതാണ് മാന്യതയെന്നും ശിവന്‍കുട്ടി പറഞ്ഞു. പൗരത്വ നിയമം പോലെ ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ വന്നപ്പോള്‍ മുരളീധരന്‍ പാര്‍ലമെന്റില്‍ പങ്കെടുത്തിട്ടുപോലുമില്ലെന്നും ജനങ്ങള്‍ മണ്ടന്‍മാരല്ലെന്നും ശിവന്‍ കുട്ടി പറഞ്ഞു.
ഇടത് പക്ഷത്തിന് യു.ഡി.എഫുമായി ഒത്തുകളിയുണ്ടെന്ന കുമ്മനം രാജശേഖരന്റെ ആരോപണം രാഷ്ട്രീയത്തെ കുറിച്ച് പഠിക്കുന്ന കൊച്ചു കുഞ്ഞിന് പോലും വിശ്വസിക്കാന്‍ കഴിയില്ലെന്നും ശിവന്‍ കുട്ടി പറഞ്ഞു.