ഒറിഗണിലെ കാട്ടുതീ കൂടുതല്‍ ശക്തി പ്രാപിച്ചു; കൂടുതല്‍ പേരെ ഒഴിപ്പിക്കും
ലോസ് ആഞ്ജലിസ്: ഒറിഗണിലെ കാട്ടുതീ വീണ്ടും ശക്തി പ്രാപിച്ചു. ഉഷ്ണ തരംഗത്തെ തുടര്‍ന്ന് അമേരിക്കയിലെ വിവിധ പ്രദേശങ്ങളില്‍ പടര്‍ന്നു പിടിച്ച എണ്‍പതോളം കാട്ടുതീകളില്‍ അതിതീവ്രമായ ബൂട്ലെഗ് ഫയറാണ് വീണ്ടും ശക്തിപ്രാപിച്ചിരിക്കുന്നത്. ഇതേ തുടര്‍ന്ന് കൂടുതല്‍ പേരെ മാറ്റിപ്പാര്‍പ്പിക്കാന്‍ അധികൃതര്‍ ഉത്തരവിട്ടു. രണ്ടായിരത്തോളം പേരെ ഒഴിപ്പിക്കേണ്ടിവരുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.
വടക്കന്‍ കാലിഫോര്‍ണിയന്‍ അതിര്‍ത്തിയിയില്‍ നിന്നു തുടങ്ങിയ തീ 1210 ചതുരശ്ര കിലോമീറ്ററോളം പ്രദേശത്ത് നാശം വിതച്ച് കഴിഞ്ഞു. ലോസ് ആഞ്ജലിസിന്റെ വിസ്തൃതിയോളം വരുമിത്.
യുഎസില്‍ നിലവില്‍ സജീവമായ 80 വലിയ തീപ്പിടിത്തങ്ങളില്‍ ഏറ്റവും വലുതാണ് ബൂട്ട്ലെഗ്. 2.74ലക്ഷം ഏക്കറില്‍ നിന്ന് 2.90 ലക്ഷം ഏക്കറിലേക്ക് ഒറ്റ രാത്രികൊണ്ടാണ് തീ പടര്‍ന്നു പിടിച്ചത്്. പ്രദേശമാകെ പുകപടലം മൂടിയതായാണ്. പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ മാത്രം തീ നിയന്ത്രണ വിധേയമാക്കാന്‍ ഇരുപതിനായിരത്തോളം പേര്‍ ശ്രമം നടത്തുന്നുണ്ട്.