Kerala NewsLatest NewsUncategorized

പി ജയരാജന് ജീവന് ഭീഷണിയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്

കണ്ണൂർ: സിപിഎം നേതാവ് പി ജയരാജന് ജീവന് ഭീഷണിയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. ഏതുസമയത്തു വേണമെങ്കിലും ജയരാജന് നേരെ ആക്രമണമുണ്ടാകാമെന്നും മുന്നറിയിപ്പുണ്ട്. ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകത്തിനു പിന്നാലെ എതിർചേരകളിൽ ശത്രുത വർദ്ധിച്ചു. ഇതെ തുടർന്നാണ് അപായഭീഷണി കൂടിയതെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ ജയരാജന്റെ സുരക്ഷ വർദ്ധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ്.

തെരഞ്ഞെടുപ്പ് ഘട്ടത്തിൽത്തന്നെ ആക്രമണ സാദ്ധ്യത ഇന്റലിജൻസ് ചൂണ്ടിക്കാട്ടിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ യാത്രയ്ക്ക് കരുതൽ വേണമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ ജയരാജനെ അറിയിക്കുകയും ചെയ്‌തു. ജയരാജന് കൂടുതൽ പൊലീസ് സംരക്ഷണം ഉറപ്പാക്കാൻ ഉത്തരമേഖലാ ഐജി അശോക് യാദവ് നിർദേശിച്ചെങ്കിലും അദ്ദേഹം അതു നിരസിച്ചു.

വടക്കൻ മേഖലയിലെ ജയരാജന്റെ യാത്രയിൽ കൂടുതൽ ശ്രദ്ധവേണമെന്ന് ഐജി. കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ പൊലീസ് ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. തലശ്ശേരി പാട്യത്തെ വീട്ടിൽ കൂടുതൽ പൊലീസുകാരെ സുരക്ഷയ‌ക്ക് നിയോഗിച്ചെങ്കിലും ജയരാജൻ ഇടപെട്ടതിനെ തുടർന്ന് അവരെ തിരിച്ചു വിളിക്കേണ്ടി വന്നു. നിലവിൽ രണ്ട് ഗൺമാൻമാർ ജയരാജന്റെ സുരക്ഷയ്‌ക്കുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button