മകന്‍ ഇറക്കി വിട്ടു; സംരക്ഷണം തേടി മാതാപിതാക്കള്‍ കോടതിയില്‍
ഇടുക്കി: കേരളത്തില്‍ മാതാപിതാക്കളോടുള്ള മക്കളുടെ ക്രൂരത വര്‍ദ്ധിച്ചു വരുന്നത് സ്ഥിരം വാര്‍ത്തകളാണ്. അത്തരത്തിലൊരു വാര്‍ത്തയാണ് ഇടുക്കി കരുണാപുരത്ത് നിന്നും കേള്‍ക്കുന്നത്. മക്കളുടെ ആക്രമണം ഭയന്ന് മാതാപിതാക്കളായ ചാക്കോ(74), റോസമ്മ(70)യും വീട് വിട്ടിറങ്ങി ഇപ്പോള്‍ പ്ലാസ്റ്റിക് ഷെഡ് കൊണ്ട് മറച്ച കൂടാരത്തിലാണ് ഇരുവരും താമസിക്കുന്നത്.
മകനായ ബിനു തങ്ങളെ കൊല്ലും എന്ന ഭീതിയിലാണ് ഈ അച്ഛനും അമ്മയും. ആറുമാസത്തിലധികം വാടകയ്ക്കാണ് ഈ വൃദ്ധരായ മാതാപിതാക്കള്‍ കഴിഞ്ഞത്. എന്നാല്‍ വാടക കൊടുക്കാന്‍ പണമില്ലാതായപ്പോള്‍ അവിടെ നിന്നിറങ്ങി. തുടര്‍ന്ന് പെന്‍ഷന്‍ തുക മിച്ചം പിടിച്ച പൈസകൊണ്ട് പ്ലാസ്റ്റിക് വള്ളിയും കമ്ബും കൂട്ടിക്കെട്ടി കൂടാരമുണ്ടാക്കുകയായിരുന്നു.
പ്രാഥമിക കര്‍ത്തവ്യങ്ങള്‍ പോലും നടത്താന്‍ ഈ പാവങ്ങള്‍ക്ക് സാധിക്കുന്നില്ല. ഒപ്പം തമിഴ്‌നാട് വലത്തിലെ വന്യജീവികളുടെ ആക്രമണ ഭീഷണിയും. എല്ലാം മറികടന്ന് ജീവിക്കുന്നതിനിടെ കഴിഞ്ഞ ദിവസം മകന്‍ വന്ന് അച്ഛനേയും അമ്മയേയും മര്‍ദ്ദിച്ചു. സംഭവത്തില്‍ അമ്മയുടെ കൈക്ക് പരിക്കും പറ്റിയിട്ടുണ്ട്. സംഭവത്തില്‍ മകനെ പോലീസ് അറസ്റ്റ് ചെയ്തു.
എന്നാല്‍ ജയിലില്‍ നിന്നിറങ്ങിയാല്‍ മകന്‍ തങ്ങളെ കൊല്ലുമെന്ന ഭീതി ഉള്ളതിനാല്‍ വൃദ്ധ ദമ്പതികള്‍ മകനില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു. കോടതി നിര്‍ദേശത്തില്‍ പോലീസ് മാതാപിതാക്കള്‍ക്ക് സംരക്ഷണം നല്‍കുകയാണ്. മകനില്‍ നിന്ന് സംരക്ഷണം നല്‍കാന്‍ പോലീസ്. ഇതൊരു അച്ഛന്റെയും അമ്മയുടെയും ദയനീയാവസ്ഥ. എന്നാല്‍ കേരളത്തില്‍ തന്നെ ഓരോ ജില്ലയിലും ഇത്തരത്തില്‍ എത്ര എത്ര സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.