ഭാഗ്യലക്ഷ്‌മിയുംസുഹൃത്തുക്കളും നിയമത്തിന് മുന്നിൽ കീഴടങ്ങണമെന്ന് സംസ്ഥാന വനിത കമ്മിഷൻ

അശ്ലീല യൂട്യൂബർ വിജയ് പി നായരെ ആക്രമിച്ചുവെന്ന കേസിൽ ചലച്ചിത്ര പ്രവർത്തക ഭാഗ്യലക്ഷ്‌മിയും ഒപ്പമുണ്ടായിരുന്ന ദിയ സനയും ശ്രീലക്ഷ്‌മി അറയ്‌ക്കലും നിയമത്തിന് മുന്നിൽ കീഴടങ്ങണമെന്ന് സംസ്ഥാന വനിത കമ്മിഷൻ. നിയമത്തിന് മുന്നിൽ അവർ കീഴടങ്ങുക എന്നതാണ് ശരിയായ വശം. കോടതി നിലപാടിനെ ചോദ്യം ചെയ്യാൻ വനിത കമ്മിഷനില്ല. കമ്മിഷനും കോടതിയുമെല്ലാം നിയമപരമായി നീങ്ങുന്ന സ്ഥാപനങ്ങളാണെന്നും സംസ്ഥാന വനിത കമ്മിഷൻ അംഗം.മൂന്നുപേരും ഒളിവിലാണോയെന്ന് അറിയില്ല. അവർ ഒളിവിലാണെന്ന് ഇതുവരെ പൊലീസ് ഔദ്യോഗികമായി അറിയിച്ചിട്ടില്ല എന്നും ഷാഹിദ കമാൽ.
കേസിൽ ഭാഗ്യലക്ഷ്മിയടക്കമുള്ള പ്രതികൾക്കായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി. കേസിൽ അറസ്റ്റ് അനിവാര്യമെന്ന നിലപാടിലാണ് പോലീസ്. വിജയ് പി. നായരുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ മൂന്ന് പേരും ഒളിവിൽ പോയെന്ന് സർക്കാർ കോടതിയെ അറിയിച്ചതിൻറെ വിവരങ്ങൾ പുറത്തുവന്നു.