35 വര്‍ഷം മുമ്പിറങ്ങിയ വാര്‍ത്ത സിനിയുടെ പോസ്റ്റര്‍ ഇപ്പോഴും കോഴിക്കോട് ഓവര്‍ ബ്രിഡ്ജില്‍
1986 ഫെബ്രുവരി 28, അതായത് കൃത്യം 35 വര്‍ഷം മുമ്ബ്, അന്നാണ് ഐ വി ശശി സംവിധാനം ചെയ്തു മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ച് അഭിനയിച്ച വാര്‍ത്ത എന്ന സിനിമ പുറത്തിറങ്ങുന്നത്. 35 വര്‍ഷം പൂര്‍ത്തിയാക്കിയ വാര്‍ത്തയെ കുറിച്ച് ഇപ്പോള്‍ പറയുന്നതെന്തിന് എന്ന്ചി ന്തിക്കുന്നവരുണ്ടാകും. ബോക്സോഫീസില്‍ വന്‍ വിജയം നേടിയ ഈ ചിത്രത്തിന്‍റെ ഒരു പരസ്യം ഇത്രയും കൊല്ലത്തിനു ശേഷവും കോഴിക്കോട്ടെ ഓവര്‍ ബ്രിഡ്ജില്‍ തെളിഞ്ഞു നില്‍ക്കുന്നത് കൌതുക കാഴ്ചയാകുകയാണ്. ഭക്ഷണപ്രേമികളുടെ പ്രിയ ഇടമായ കോഴിക്കോട്ടെ പാരഗണ്‍ ഹോട്ടലിന് മുകളിലൂടെ പോകുന്ന ഓവര്‍ ബ്രിഡ്ജിലാണ് വാര്‍ത്ത എന്ന സിനിമയുടെ ചുവരെഴുത്തു വര്‍ഷങ്ങള്‍ക്കു ഇപ്പുറവും നിലകൊള്ളുന്നത്. മലയാളം മൂവി ആന്‍ഡ് മ്യൂസിക് ഡാറ്റാ ബേസ് എന്ന ഫേസ്ബുക്ക് പേജില്‍ പ്രശസ്ത ആഡ് ഫിലിം മേക്കര്‍ കുമാര്‍ നീലകണ്ഠന്‍ ആണ് ഈ ഫോട്ടോ പോസ്റ്റ് ചെയ്തത്. അധികം വൈകാതെ ഈ ചിത്രം വൈറലാകുകയും ചെയ്തു.

1986ല്‍ പുറത്തിറങ്ങിയ ഏറ്റവും ഹിറ്റായ മലയാള സിനമകളില്‍ ഒന്നാണ് വാര്‍ത്ത. ഈ ചിത്രത്തിന് ഒട്ടനവധി സവിശേഷതകളുണ്ട്. ടി ദാമോദരന്‍റെ തിരക്കഥയും സംഭാഷണവും നല്‍കുന്ന കരുത്ത് തന്നെയായിരുന്നു സിനിമയുടെ നട്ടെല്ല്. പില്‍ക്കാലത്ത് മീശ പിരിച്ച് ആരാധകരെ കൈയിലെടുത്ത മോഹന്‍ലാല്‍, ആദ്യമായി മീശ പിരിച്ച വേഷങ്ങളില്‍ ഒന്നാണ് വാര്‍ത്തയില്‍ അദ്ദേഹം അവതരിപ്പിച്ച പരോള്‍ വാസു. മമ്മൂട്ടി അവതരിപ്പിച്ച മാധവന്‍ കുട്ടി എന്ന കഥാപാത്രവും തിയറ്ററില്‍ നിറഞ്ഞ കൈയടി നേടി. കടുകട്ടി ഇംഗ്ലീഷ് ഡയലോഗുകളിലൂടെയാണ് ഈ ചിത്രത്തില്‍ മമ്മൂട്ടിയുടെ പ്രകടനം ശ്രദ്ധേയമായത്. സീമയുടെ തകര്‍പ്പന്‍ ഡയലോഗുകളും ഈ സിനിമയുടെ സവിശേഷതയാണ്. ക്ലൈമാക്സില്‍ പ്രമുഖ കഥാപാത്രങ്ങളെല്ലാം മരിക്കുന്നു.
വാര്‍ത്ത എന്ന സിനിമ മലയാളത്തില്‍ മാത്രം ഒതുങ്ങി നിന്ന ഒന്നല്ല, തമിഴകത്തും ഈ സിനിമ രാഷ്ട്രീയമായി ഏറെ പ്രസക്തി നേടിയതാണ്. തമിഴിലേക്കു റീമേക്ക് ചെയ്തപ്പോള്‍ തിരക്കഥ ഒരുക്കിയത് സാക്ഷാല്‍ കലൈഞ്ജര്‍ കരുണാനിധി. സത്യരാജ്, പ്രഭു എന്നിവര്‍ മുഖ്യ വേഷത്തിലെത്തിയ ചിത്രത്തിന് പേര് പാലൈവന റോജാക്കള്‍ എന്നായിരുന്നു. ഈ ചിത്രം തമിഴകത്ത് ഏറെ ചര്‍ച്ചയാകുകയും അതിന് പിന്നാലെ കരുണാനിധി അവിടുത്തെ മുഖ്യമന്ത്രിയായി മാറുകയും ചെയ്തിരുന്നു. എന്നാല്‍ രാജീവ് ഗാന്ധി വധവുമായി ബന്ധപ്പെട്ട് കരുണാനിധി സര്‍ക്കാരിനെ കേന്ദ്ര സര്‍ക്കാര്‍ പിരിച്ചുവിട്ടു.