Latest NewsNationalPoliticsUncategorized

താരങ്ങളുടെ ട്വീറ്റിനുപിന്നിൽ ആര്? അന്വേഷിക്കാനൊരുങ്ങി മഹാരാഷ്ട്ര സർക്കാർ

മുംബൈ: സമ്മർദങ്ങൾക്ക് വഴങ്ങിയാണോ താരങ്ങൾ കാർഷിക നിയമത്തെ പിന്തുണച്ച് സോഷ്യൽ മീഡിയ പ്രതികരണങ്ങൾ നടത്തിയതെന്ന് അന്വേഷിക്കാനൊരുങ്ങി മഹാരാഷ്ട്ര സർക്കാർ. കാർഷിക നിയമങ്ങളെ പിന്തുണച്ച് ട്വീറ്റ് ചെയ്യാൻ സച്ചിൻ ഉൾപ്പെടെയുള്ള താരങ്ങളിൽ ബിജെപി സമ്മർദം ചെലുത്തിയെന്നും ഇതിൽ അന്വേഷണം നടത്തണമെന്നും കഴിഞ്ഞ ദിവസം കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ഉന്നയിച്ച് കോൺഗ്രസ് സംസ്ഥാന ജന.സെക്രട്ടറി സച്ചിൻ സാവന്ത് ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് സർക്കാർ ഇടപെടൽ.

അക്ഷയ് കുമാർ, സുനിൽ ഷെട്ടി, സച്ചിൻ തെണ്ടുൽക്കർ, സൈന നെഹ്‌വാൾ എന്നിവരുടെ ട്വീറ്റുകൾ ഒരേ രീതിയിലുള്ളവയാണ്. അക്ഷയ് കുമാറിന്റേയും സൈന നെഹ്‌വാളിന്റേയും പ്രതികരണങ്ങൾ സമാനമാണ്, സുനിൽ ഷെട്ടി ഒരു ബിജെപി നേതാവിനെ ടാഗ് ചെയ്തിട്ടുമുണ്ട്. താരങ്ങളും ബിജെപി നേതാക്കളും തമ്മിൽ ആശയ വിനിമയം നടന്നിട്ടുണ്ടെന്നാണ് ഈ ട്വീറ്റുകളുടെ സമാനസ്വഭാവം സൂചിപ്പിക്കുന്നത്. ഇത് അന്വേഷിക്കപ്പെടണം. ട്വീറ്റ് ചെയ്യാൻ താരങ്ങൾക്ക് മേൽ സമ്മർദമുണ്ടായോ എന്ന് പരിശോധിക്കണമെന്ന് കൂടിക്കാഴ്ചയിൽ കോൺഗ്രസ് നേതാവ് ആവശ്യപ്പെട്ടിരുന്നു.

കർഷക സമരത്തെ പിന്തുണച്ച് പോപ് താരം റിഹാന, പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തൻബെ എന്നിവർ ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് ഇന്ത്യൻ താരങ്ങൾ സാമൂഹിക മാധ്യമ പ്രതികരണവുമായി രംഗത്തെത്തിയത്. #IndiaAgainstPropaganda and #IndiaTogether തുടങ്ങിയ ഹാഷ് ടാഗുകളോടെയാണ് താരങ്ങൾ ട്വീറ്റ് ചെയ്തത്.

താരങ്ങളുടെ ട്വീറ്റിനെതിരെ വലിയ വിമർശനവും ഉയർന്നിരുന്നു. തന്റേതല്ലാത്ത ഒരു മേഖലയെ കുറിച്ച് പ്രതികരിക്കുമ്പോൾ സച്ചിൻ കൂടുതൽ ശ്രദ്ധപുലർത്തണമെന്നായിരുന്നു എൻസിപി നേതാവ് ശരത് പവാറിന്റെ വിമർശനം. പ്രക്ഷോഭം നടക്കുന്നയിടങ്ങളിൽ കേന്ദ്ര സർക്കാർ ഇന്റർനെറ്റ് സൗകര്യം വിലക്കിയ വാർത്തയോടൊപ്പം ‘എന്താണ് നമ്മൾ ഇതേ പറ്റി സംസാരിക്കാത്ത്’ എന്ന ചോദ്യമാണ് റിഹാന ഉയർത്തിയത്. ട്വിറ്ററിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സ് ഉള്ള നാലാമത്തെ വ്യക്തികൂടിയാണ് റിഹാന. പങ്കുവെച്ച് നിമഷങ്ങൾക്കകം തന്നെ ട്വീറ്റ് ട്രെന്റിങ് ആയിരുന്നു.

ഇന്ത്യയുടെ പരമാധികാരത്തിൽ കൈകടത്താൻ ആരെയും അനുവദിക്കില്ല. വിദേശികൾക്ക് കാഴ്ച്ചക്കാരാവാം എന്നാൽ പ്രതിനിധികളാവാൻ ശ്രമിക്കേണ്ടതില്ല. ഇന്ത്യക്ക് സ്വന്തം ജനതയെ നന്നായി അറിയാം. ഒരു ജനതയായി തുടരാം.’ എന്നായിരുന്നു സച്ചിന്റെ പ്രതികരണം. ഇതിന് പിന്നാലെ ബോളിവുഡിലെ പ്രമുഖ താരങ്ങളെല്ലാം കാർഷിക സമരത്തിൽ കേന്ദ്രത്തിനെ പിന്തുണച്ചുകൊണ്ട് ഒരേ ഉള്ളടക്കമുള്ള ട്വീറ്റുകളായിരുന്നു പങ്കുവെച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button