ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണറായി പതിനെട്ടുകാരി; അപൂർവ്വ നേട്ടത്തിനുടമയായി ചൈതന്യ വെങ്കിടേശ്വരൻ

ന്യൂഡൽഹി: ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈ കമ്മീഷണറായി പതിനെട്ടുകാരി ചൈതന്യ വെങ്കിടേശ്വരൻ.അന്താരാഷ്ട്ര ബാലികദിനാഘോഷങ്ങളുടെ ഭാഗമായാണ് ചൈതന്യ ഒരു ദിവസം ബ്രിട്ടീഷ് ഹൈ കമ്മീഷണറിന്റെ ഉത്തരവാദിത്തങ്ങൾ നിറവേറ്റിയത്.ലോക ബാലികാ ദിനത്തോടനുബന്ധിച്ചാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്. 2017 മുതലാണ് ഹൈ കമ്മിഷണർ ഫോർ എ ഡേ എന്ന പേരിൽ പരിപാടി സംഘടിപ്പിക്കുന്നത്.ലോകം മുഴുവൻ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ചർച്ച ചെയ്യുകയാണ് പരിപാടിയുടെ ലക്ഷ്യം. 18-23 വയസ്സ് വരെയുള്ള യുവതികൾക്കായാണ് മത്സരം നടത്തുക.
ഈ വർഷത്തെ മത്സരത്തിൽ വിജയിയാ ചൈതന്യ ഹൈ കമ്മീഷണറുടെ വിവിധ ചുമതലകൾ ഒരു ദിവസത്തേക്ക് നിർവഹിച്ചു. വിവിധ വകുപ്പ് തലവന്മാരുമായും ഉന്നത വനിതാ പൊലീസ് ഉദ്യോഗസ്ഥരുമായും ചർച്ചകൾ നടത്തിയ ചൈതന്യ വാർത്തസമ്മേളനത്തിലും പങ്കെടുത്തു. കൂടാതെ ബ്രിട്ടീഷ് കൗൺസിലിന്റെ എസ്.റ്റി.ഇ.എം സ്‌കോളർഷിപ്പ് സമൂഹത്തിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ചുള്ള പഠനം നടത്താനും ചൈതന്യ തീരുമാനിച്ചു.
കൊവിഡ് കാലത്ത് ലിംഗസമത്വം നേരിടുന്ന വെല്ലുവിളികളും അവസരങ്ങളും എന്ന വിഷയത്തിൽ ഒരു മിനിറ്റ് വീഡിയോ ചെയ്ത് സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയായിരുന്നു മത്സരം. 215 പേർ മത്സരത്തിൽ പങ്കെടുത്തു. മത്സരാർത്ഥികളിൽ നിന്നും ഏറ്റവും മികച്ച വ്യക്തിയെ തന്നെയാണ് തെരഞ്ഞെടുത്തതെന്ന് ചൈതന്യയുടെ ഒരു ദിവസത്തെ പ്രവർത്തനങ്ങളിൽ നിന്നും മനസ്സിലായെന്ന് ബ്രിട്ടീഷ് ഹൈ കമ്മിഷണർ ജാൻ തോംസൺ പറഞ്ഞു.