CovidHealthLatest NewsNationalNews

വീടിനകത്തും മാസ്ക് ധരിക്കേണ്ട സമയമാണിതെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: വീടിനകത്തും മാസ്ക് ധരിക്കേണ്ട സമയമാണിതെന്ന് കേന്ദ്രസര്‍ക്കാര്‍. രോഗത്തെക്കുറിച്ചുള്ള അനാവശ്യ ഭയം ഒഴിവാക്കണമെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് ജോയന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍, നീതി ആയോഗ് അംഗം ഡോ. വി.കെ. പോള്‍, ഡല്‍ഹി എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ എന്നിവര്‍ സംയുക്ത പത്രസമ്മേളനത്തില്‍ പറഞ്ഞു.

‘കുടുംബത്തില്‍ കോവിഡ് ബാധിതരുണ്ടെങ്കില്‍ അവര്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണം. രോഗികളില്ലെങ്കിലും എല്ലാവരും വീടിനുള്ളിലും മാസ്ക് ധരിക്കാന്‍ തുടങ്ങേണ്ട സമയമാണിത്. വീട്ടിനുള്ളിലേക്ക് അതിഥികളെ ക്ഷണിക്കരുത്’- ഡോ. വി.കെ. പോള്‍ പറഞ്ഞു.

ശാസ്ത്രീയ പഠനപ്രകാരം ശാരീരികാകലം പാലിക്കാത്ത ഒരാള്‍ 30 ദിവസത്തിനുള്ളില്‍ 406 പേര്‍ക്ക് രോഗം പരത്താന്‍ സാധ്യതയുണ്ട്. ശാരീരിക സാന്നിധ്യം പകുതിയായി കുറച്ചാല്‍ ഇത് 15 ആയി കുറയ്ക്കാനാവും. 75 ശതമാനം കുറയ്ക്കാന്‍ കഴിഞ്ഞാല്‍ ഇതേ കാലയളവില്‍ ഒരു വ്യക്തിക്ക് 2.5 ആളുകളിലേക്ക് മാത്രമേ രോഗം പടര്‍ത്താന്‍ കഴിയൂ എന്ന് ലവ് അഗര്‍വാള്‍ വിശദീകരിച്ചു.

രോഗലക്ഷണം കാണുന്ന ഉടന്‍തന്നെ രോഗിയെ ഐസൊലേഷനിലാക്കണമെന്ന് ഡല്‍ഹി എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേരിയ പറഞ്ഞു. പരിശോധനാ റിപ്പോര്‍ട്ട് ലഭിക്കാന്‍ കാത്തിരിക്കരുത്. ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റില്‍ നെഗറ്റീവ് രേഖപ്പെടുത്തിയാലും ലക്ഷണങ്ങളുണ്ടെങ്കില്‍ കോവിഡ് ബാധയുണ്ടെന്ന് കരുതി നടപടികള്‍ സ്വീകരിക്കണം.

വാക്സിനേഷന്‍ യുക്തമായ സമയത്ത് സ്വീകരിക്കണം. സ്ത്രീകള്‍ക്ക് ആര്‍ത്തവ സമയത്തും വാക്സിന്‍ സ്വീകരിക്കാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button