എം സി ജോസഫൈനോട് ദേഷ്യമല്ല; സഹതാപം മാത്രം- വി ഡി സതീശന്‍
കൊല്ലം | പരാതി പറയാന്‍ വിളിച്ച യുവതിയോട് മോശമായി പെരുമാറിയ വനിതാ കമ്മീഷന്‍ അധ്യക്ഷക്കെതിരെ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സ്ത്രീകള്‍ക്ക് ആശ്വാസവും കരുത്തുമാകേണ്ട വനിതാ കമ്മീഷന്റെ വിശ്വാസ്യത കമ്മീഷന്‍ അധ്യക്ഷ തകര്‍ത്തുവെന്ന് സതീശന്‍ ആക്ഷേപിച്ചു. വിഷയം ജോസഫൈന്റെ പാര്‍ട്ടിയും സര്‍ക്കാരും ഗൗരവമായി കാണണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. കൊല്ലത്ത് മരണപ്പെട്ട വിസ്മചയയുടെ വീട് സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മുതിര്‍ന്ന രാഷ്ട്രീയ നേതാവാണ് എം സി ജോസഫൈന്‍. അവര്‍ക്ക് എങ്ങിനെയാണ് ഇത്തരത്തില്‍ പ്രതികരിക്കാന്‍ കഴിഞ്ഞത്. അവരോട് തനിക്ക് ദേഷ്യമല്ല തോന്നുന്നത്. സഹതാപമാണ്.
സ്ത്രീധനത്തിന്റെ പേരില്‍ വേദനിപ്പിക്കുന്ന പുരുഷന്‍മാരെയും കുടുംബത്തെയും സമൂഹത്തിന് മുന്നില്‍ തുറന്നുകാട്ടാന്‍ പെണ്‍കുട്ടികള്‍ തയ്യാറാകണം. ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് മടങ്ങിയെത്തിയാല്‍ സ്വന്തം വീട്ടുകാര്‍ക്ക് ഭാരമാകുമെന്ന ചിന്താഗതി മാറണം. സ്ത്രീകള്‍ കൂടുതല്‍ ധീരരാകണം , ആത്മഹത്യയല്ല അവസാനവഴി. സമൂഹം ഒപ്പമുണ്ടെന്നും സതീശന്‍ പറഞ്ഞു.