രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ നേമം ഷജീറിനെ കാണാൻ വിസമ്മതിച്ച് പ്രതിപക്ഷ നേതാവ്
മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ എത്തിയത് പുതിയ രാഷ്ട്രീയ വിവാദങ്ങൾക്ക് കാരണമായി. അദ്ദേഹത്തോടൊപ്പം എത്തിയ യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നേമം ഷജീറിനെ കാണാൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തയ്യാറായില്ല.
സതീശന്റെ നിയമസഭ മുറിയിൽ എത്തി കാണാൻ ശ്രമിച്ചെങ്കിലും, നേതാവ് പ്രതികരിക്കാതെ ഇരുന്നുവെന്നാണ് വിവരം. പിന്നീട് സഭാമുറിയിൽ നിന്ന് പുറത്ത് പോകുന്ന വേളയിൽ പിന്തുടർന്ന് വീണ്ടും കാണാൻ ശ്രമിച്ചെങ്കിലും സതീശൻ സംസാരിക്കാൻ വിസമ്മതിച്ചു.
സസ്പെൻഡ് ചെയ്ത രാഹുലിനെ സഭയിൽ പ്രവേശിപ്പിച്ചതിന് നേമം ഷജീറിനെതിരെ തന്നെ പാർട്ടിക്കുള്ളിൽ നിന്ന് പരാതി ഉയർന്നിരുന്നു. പ്രതിപക്ഷ നേതാവിന്റെ മുന്നറിയിപ്പ് അവഗണിച്ചുകൊണ്ടാണ് ആദ്യ ദിവസം രാഹുൽ സഭയിൽ എത്തിയതും, അന്ന് ഷജീറും ഒപ്പമുണ്ടായിരുന്നു. ഇതോടെ ഇരുവരെയും പാർട്ടി നേതാക്കൾ വിമർശിച്ചിരുന്നു.
ഇന്നലെ രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ എത്തിയിരുന്നില്ല. ഇന്നും എത്തില്ലെന്നാണ് വിവരം. എന്നാൽ അദ്ദേഹത്തിന്റെ സാന്നിധ്യം ഭരണപക്ഷം ശക്തമായ പരിഹാസത്തിനും രാഷ്ട്രീയ കളിയാക്കലിനും വഴിവച്ചു. ചോദ്യോത്തര വേളയിൽ ആരോഗ്യമന്ത്രി വീണ ജോർജ് രാഹുലിനെ പരോക്ഷമായി പരിഹസിച്ചു. ശിശു ജനന-മരണ നിരക്കിനെ സംബന്ധിച്ച ചോദ്യത്തിന് ഉത്തരം പറയവെയാണ് രാഹുലിനെതിരെ മന്ത്രി ഒളിയമ്പെയ്തത്. കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല, സംരക്ഷിക്കുകയാണ് ഈ സര്ക്കാര് ചെയ്യുന്നത് എന്നായിരുന്നു മന്ത്രി പറഞ്ഞത്. ഇത് സഭയിൽ ചിരിയുടെയും കയ്യടിയുടെയും കാരണമായി.
ഭരണപക്ഷ എം.എൽ.എ സേവ്യർ ചിറ്റിലപ്പള്ളിയും സിനിമാ പരാമർശങ്ങളിലൂടെ രാഹുലിനെ പരിഹസിച്ചു. “ഗോളാന്തര സിനിമയിലെ മമ്മൂട്ടിയുടെ കഥാപാത്രം കാരക്കൂട്ടത്തിൽ ദാസൻ ആണ്, കൂട്ടത്തിൽ ദാസൻ അല്ല” എന്ന് പറഞ്ഞ അദ്ദേഹം, “ഇപ്പോഴത്തെ അവസ്ഥയും അതുപോലെയാണ്” എന്ന പരാമർശം നടത്തി. കസ്റ്റഡി മർദ്ദനവുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ ചര്ച്ചയ്ക്കിടയിലായിരുന്നു സേവ്യറിന്റെ ഈ പരാമർശം.
Tag: Opposition leader refuses to meet Nemom Shajeer over Rahul Mangkoottathil issue