ജോസ് ചെ ഗുവേരയുടെ ആരാധകനായിരുന്നു, ജോസ് കെ മാണിയുടെ ഇടതുമുന്നണി പ്രവേശനത്തെ പരിഹസിച്ച് വിഡി സതീശൻ

തിരുവനന്തപുരം: ജോസ് കെ മാണി വിഭാഗം യുഡിഎഫ് വിട്ട് ഇടതുമുന്നണിയില്‍ ചേര്‍ന്നതിനെ പരിഹസിച്ച് വിഡി സതീശൻ എംഎൽഎ രംഗത്ത്. ജോസ് കെ.മാണി ചെ ഗുവേരയുടെ ആരാധകനായിരുന്നുവെന്നും വളരെ ചെറുപ്പത്തിലേ തന്നെ ഇടത് പക്ഷ ചിന്താസരണിയിലൂടെ യാത്ര ചെയ്യുന്ന വിപ്ലവകാരിയായിരുന്നുവെന്നും സതീശൻ പരിഹസിച്ചു.
വിഡി സതീശന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
അവസാനം എന്തായി ? ബാർ കോഴ ആരോപണം ആവിയായി. നോട്ടെണ്ണുന്ന മെഷീൻ തുരുമ്പെടുത്തു. ബൂർഷ്വാ പാർട്ടിക്ക് എകെജി സെന്ററിലേക്ക് പച്ചപ്പരവതാനി. സത്യത്തിൽ നമുക്കറിയില്ലായിരുന്നു. ജോസ് കെ.മാണി ചെ ഗുവേരയുടെ ആരാധകനായിരുന്നു. വളരെ ചെറുപ്പത്തിലേ തന്നെ ഇടത് പക്ഷ ചിന്താസരണിയിലൂടെ യാത്ര ചെയ്യുന്ന വിപ്ലവകാരിയായിരുന്നു. ദാസ് ക്യാപ്പിറ്റൽ അഞ്ചു വയസ്സായപ്പോഴേക്കും മനപ്പാഠമാക്കിയിരുന്നു.
ഇപ്പോൾ എല്ലാം മനസ്സിലായി.
അതേസമയം കേരള കോൺഗ്രസ് എം ഇടത് പക്ഷ ജനാധിപത്യ മുന്നണിയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ജോസ് കെ മാണി ഇന്ന് രാവിലെ വ്യക്തമാക്കി. കേരള രാഷ്ട്രീയത്തിന്റെ ഗതി നിർണ്ണയിക്കുന്ന മാറ്റമാകുമെന്നാണ് പ്രഖ്യാപനം. രാജ്യസഭാ എം പി സ്ഥാനം രാജിവയ്ക്കുമെന്നും ജോസ് കെ മാണി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ധാർമികത ഉയർത്തിപ്പിടിച്ചാണ് രാജിയെന്നാണ് വാദം. എന്നാൽ തോമസ് ചാഴിക്കാടൻ എം പി സ്ഥാനം രാജി വയ്ക്കില്ല. നിലവിൽ ഒരു ഉപാധിയുമില്ലാതെയാണ് ഇടത് മുന്നണിയിലേക്ക് പോകുന്നതെന്ന് ജോസ് അവകാശപ്പെട്ടു. സീറ്റുകളുടെ കാര്യത്തിൽ ഇടത് മുന്നണി മാന്യമായി ഇടപെടുമെന്നാണ് കരുതുന്നതെന്ന് പറഞ്ഞ ജോസ് കെ മാണി പാലാ ഹൃദയവികാരമാണെന്നും ആവർത്തിച്ചു.