കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്; സി.പി.ഐ.എമ്മിനെ വിമര്‍ശിച്ച് പ്രതിപക്ഷം
തിരുവനന്തപുരം: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സി.പി.ഐ.എമ്മിനെ വിമര്‍ശിച്ച് പ്രതിപക്ഷം. ബാങ്കുകളിലെ തട്ടിപ്പ് സി.പി.ഐ.എം നേതൃത്വം അറിഞ്ഞിട്ടും വീണ്ടും സഹകരണ ബാങ്കില്‍ തട്ടിപ്പ് തുടരുകയാണ്.
അതിനാല്‍ നിക്ഷേപകരുടെ പണം തിരികെ ലഭിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും സഹകരണ സ്ഥാപനങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു.
സര്‍ക്കാര്‍ തെരഞ്ഞെടുപ്പിന് മുന്‍പ് വട്ടിപ്പലിശക്കാര്‍ക്ക് അടക്കം മൊറട്ടോറിയം കൊടുത്തു. തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഇതൊന്നുമില്ല. ബാങ്കുകാരും പലിശക്കാരും സാധാരണക്കാരെ ഭീഷണിപ്പെടുത്തുകയാണ്. ജനങ്ങള്‍ ആത്മഹത്യയുടെ വക്കിലാണെന്ന കാര്യം സര്‍ക്കാര്‍ ഗൗരവത്തിലെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല.
ഈ കാര്യം ആദ്യമായല്ല സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തുന്നത്. നിയമസഭയില്‍ ഈ കാര്യം ചര്‍ച്ചാ വിഷയമാക്കിയപ്പോഴും സര്‍ക്കാര്‍ മറുപടി പറയാന്‍ തയ്യാറായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.