Kerala NewsLatest NewsPoliticsUncategorized

കോൺഗ്രസിനെയും യുഡിഎഫ് സർക്കാരിനെയും പാർട്ടി നേതാക്കളെയും വിമർശിച്ച്‌ നേതാവായ പ്രതിഛായ വിഡി സതീശന് പ്രതികൂലമാകുന്നു: പ്രതിപക്ഷ നേതൃസ്ഥാനത്തിനായി കോൺഗ്രസിൽ പോര് മുറുകുന്നു

തിരുവനന്തപുരം: പ്രതിപക്ഷ നേതൃസ്ഥാനം ലക്ഷ്യമിട്ട് കോൺഗ്രസിൽ പുതിയ ഗ്രൂപ്പ് നീക്കവുമായി വിഡി സതീശൻ എംഎൽഎ. ഐ ഗ്രൂപ്പിലെ നാല് എംഎൽഎമാരെയും ഗ്രൂപ്പ് രഹിത എംഎൽഎമാരെയും കൂടെ ചേർത്ത് പുതിയ ഗ്രൂപ്പ് രൂപീകരിക്കാനാണ് സതീശൻറെ നീക്കം. എന്നാൽ പുതിയ നീക്കത്തിന് പാർട്ടിയിൽ നിന്നും വേണ്ട പിന്തുണ ലഭിക്കുന്നില്ലെന്നാണ് റിപ്പോർട്ട്. യുഡിഎഫിന് ഭരണം ലഭിക്കാതെവരികയും സംസ്ഥാനത്ത് ആദ്യമായി ഭരണമാറ്റം ഉണ്ടാകാതിരിക്കുകയും ചെയ്തതോടെ കോൺഗ്രസിനുള്ളിൽ നേതൃത്വത്തിനെതിരെ വ്യാപക വിമർശനങ്ങൾ ഉയർന്നിരുന്നു.

നേതൃത്വം ഒന്നാകെ മാറണമെന്നായിരുന്നു വിമർശകരുടെ ആവശ്യം. കെപിസിസി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെയും യുഡിഎഫ് കൺവീനർ എംഎം ഹസനെതിരെയമാണ് കൂടുതൽ വിമർശനം. നേതൃത്വം മാറുമ്പോൾ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്നും രമേശ് ചെന്നിത്തലയും മാറണമെന്നാണ് പൊതു അഭിപ്രായം.

അതേസമയം പ്രതിപക്ഷ നേതൃസ്ഥാനത്ത് മികച്ച പ്രകടനം കാഴ്ചവച്ച നേതാവെന്ന നിലയിൽ ചെന്നിത്തലയുടെ കാര്യത്തിൽ പാർട്ടിയിൽ ഒരു വിഭാഗത്തിന് അനുഭാവമുണ്ട്. ഈ സാഹചര്യം പരമാവധി മുതലെടുത്ത് പാർട്ടിയിലെ എറണാകുളം ലോബിയുടെ സഹായത്തോടെ പുതിയ ഗ്രൂപ്പുണ്ടാക്കി നേതൃത്വം പിടിച്ചെടുക്കാനാണ് സതീശൻറെ നീക്കം.

എന്നാൽ പാർട്ടിക്കും പാർട്ടിയുടെ നേതാക്കൾക്കുമെതിരെ റിബൽ ശബ്ദമുയർത്തി നേതാവായ വ്യക്തിയെന്നതാണ് വിഡി സതീശന് വിനയാകുന്നത്. കഴിഞ്ഞ യുഡിഎഫ് സർക്കാരിൻറെ കാലത്ത് മുന്നണിയിൽ ഹരിത ഗ്രൂപ്പുണ്ടാക്കി പ്രതിപക്ഷത്തിൻറെ റോൾ ഏറ്റെടുത്തതോടെയാണ് സതീശൻ ശ്രദ്ധനേടിയത്.

ഉമ്മൻ ചാണ്ടി സർക്കാരിൻറെ ജനപ്രിയനീക്കങ്ങളുടെ മുഴുവൻ ശോഭ കെടുത്തിയത് വിഡി സതീശൻറെയും ടിഎൻ പ്രതാപൻറെയും വിമത നീക്കങ്ങളായിരുന്നു. തുടർഭരണമെന്ന ഉമ്മൻ ചാണ്ടി സർക്കാരിൻറെ പ്രതീക്ഷകൾക്ക് മങ്ങലേൽപിക്കാൻ ഈ നീക്കങ്ങൾ നിർണായകമായി.

പിന്നീട് വന്ന പിണറായി സർക്കാരിൻറെ കാര്യത്തിൽ സതീശനോ പഴയ ഹരിത ഗ്രൂപ്പിനോ സ്വന്തം സർക്കാരിനെതിരെയുണ്ടായ ജാഗ്രത ഉണ്ടായില്ല. രമേശ് ചെന്നിത്തല തെളിവു സഹിതം പിണറായി സർക്കാരിനെതിരെ ഉന്നയിച്ച ആരോപണങ്ങൾപോലും ഏറ്റെടുക്കാനോ സർക്കാരിനെ പ്രതിക്കൂട്ടിലാക്കാനോ സതീശൻ പോലും മിനക്കെട്ടതുമില്ല. എല്ലാ പ്രതിഷേധങ്ങളും ഏതാനും നിയമസഭാ പ്രസംഗങ്ങളിൽ ഒതുങ്ങി.

ഉമ്മൻ ചാണ്ടി സർക്കാരിൻറെ കാലത്ത് ചാനൽ ചർച്ചകളിലെ ‘സുപ്പർ സ്റ്റാറായിരുന്ന’ സതീശൻ പിണറായി സർക്കാരിൻറെ കാലത്ത് ചാനൽ ചർച്ചകളിൽ നിന്നും പിന്നോക്കം പോകുകയും ചെയ്തു.

ഇപ്പോൾ പ്രതിപക്ഷ നേതൃസ്ഥാനത്തിന് കരുക്കൾ നീക്കുമ്പോൾ സതീശന് വിനയാകുന്നത് ഈ പഴയ ചരിത്രമാണ്. പുതിയ ഗ്രൂപ്പ് നീക്കത്തിന് ഐ ഗ്രൂപ്പിൽ നിന്നും ടിജെ വിനോദ്, എൽദോസ് കുന്നപ്പള്ളി, റോജി എം ജോൺ, ഗ്രൂപ്പ് രഹിതനായ അ‍ഡ്വ. മാത്യു കുഴൽനാടൻ എന്നിവരുടെ പിന്തുണയാണ് സതീശൻ ക്യാമ്ബ് അവകാശപ്പെടുന്നത്. പക്ഷേ ഈ എംഎൽഎമാരിൽതന്നെ പലരും അതിനു സമ്മതം മൂളിയിട്ടെല്ലെന്നാണ് സൂചന. അങ്ങനെ വന്നാൽ പുതിയ ഗ്രൂപ്പ് നീക്കം വിഡി സതീശന് പാർട്ടിയിൽ തിരിച്ചടിയായി മാറിയേക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button