keralaKerala NewsLatest NewsUncategorized

സംഗീത പരിപാടികൾക്കായി വേടന് വിദേശത്ത് പോകാം; ഹെെക്കോടതിയുടെ അനുമതി

സംഗീത പരിപാടികളിൽ പങ്കെടുക്കുന്നതിനായി വിദേശയാത്രയ്ക്ക് റാപ്പർ വേടൻ (ഹിരൺ ദാസ് മുരളി)ക്ക് ഹൈക്കോടതി അനുമതി നൽകി. ജാമ്യവ്യവസ്ഥയിൽ ഇളവ് ആവശ്യപ്പെട്ട് വേടൻ സമർപ്പിച്ച ഹർജിയിലാണ് കോടതി അനുകൂല വിധി പുറപ്പെടുവിച്ചത്.

തൃക്കാക്കര പൊലീസ് രജിസ്റ്റർ ചെയ്ത ലൈംഗികാതിക്രമക്കേസിൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിക്കുമ്പോൾ സംസ്ഥാനത്തിന് പുറത്തേക്ക് പോകാൻ പാടില്ലെന്നും എല്ലാ ആഴ്ചയും അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണമെന്നും വ്യവസ്ഥകളുണ്ടായിരുന്നു. ഈ നിബന്ധനകളിൽ ഇളവ് ആവശ്യപ്പെട്ട വേടന്റെ അപേക്ഷയാണ് ഹൈക്കോടതി അംഗീകരിച്ചത്. ഇതിനുമുമ്പ്, ഗവേഷക വിദ്യാർത്ഥിനിയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് എടുത്ത കേസിലെ ജാമ്യവ്യവസ്ഥകളിലും വേടന് ഹൈക്കോടതി ഇളവനുവദിച്ചിരുന്നു.

നവംബർ 11ന് ദുബായ്, നവംബർ 28ന് ഖത്തർ, ഡിസംബർ 13ന് ഫ്രാൻസ്, ഡിസംബർ 20ന് ജർമനി എന്നിവിടങ്ങളിൽ നടക്കുന്ന സംഗീതപരിപാടികളിൽ പങ്കെടുക്കാനാണെന്ന് ഹർജിയിൽ വേടൻ വ്യക്തമാക്കിയിരുന്നു. സ്റ്റേജ് ഷോകൾ നടത്തിയാണ് താൻ ഉപജീവനം നടത്തുന്നതെന്നും വിദേശയാത്ര നിരോധനം തന്റെ തൊഴിൽാവകാശം ലംഘിക്കുന്നുവെന്നും വേടൻ വാദിച്ചു. കൂടാതെ, ഈ വ്യവസ്ഥകൾ റദ്ദാക്കിയാലും കേസിന്റെ അന്വേഷണത്തെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സെഷൻസ് കോടതി ഹർജി തള്ളിയതിനെ തുടർന്ന് വേടൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവഡോക്ടറുടെ പരാതിയിലാണ് തൃക്കാക്കര പൊലീസ് വേടനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ദലിത് സംഗീതത്തെക്കുറിച്ചുള്ള പഠനവുമായി ബന്ധപ്പെട്ട് വേടനെ സമീപിച്ചപ്പോൾ ലൈംഗികാതിക്രമം നടത്തിയെന്ന ഗവേഷക വിദ്യാർത്ഥിനിയുടെ പരാതിയിലാണ് സെൻട്രൽ പൊലീസ് മറ്റൊരു കേസ് എടുത്തിട്ടുള്ളത്.

Tag: Vedan can go abroad for music events; High Court gives permission

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button