“വേടനുപോലും അവാർഡ് നൽകി” എന്ന മന്ത്രിയുടെ വാക്കുകൾ അപമാനകരമെന്ന് വേടൻ

സംസ്ഥാന ചലച്ചിത്ര അവാർഡിനെച്ചൊല്ലിയ വിവാദത്തിൽ, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നടത്തിയ പരാമർശങ്ങൾ അപമാനകരമാണെന്ന് വേടൻ പ്രതികരിച്ചു. “വേടനുപോലും അവാർഡ് നൽകി” എന്ന മന്ത്രിയുടെ വാക്കുകൾ തനിക്ക് വേദനയുണ്ടാക്കിയതായും, അതിന് മറുപടി പാട്ടിലൂടെ നൽകുമെന്നും വേടൻ പറഞ്ഞു. എന്നാൽ ഈ വിഷയത്തിൽ കൂടുതൽ പ്രതികരിക്കാൻ താൽപര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തനിക്ക് ലഭിച്ച അവാർഡ് വലിയ അംഗീകാരമായി കാണുന്നുവെന്നും, അത് രാഷ്ട്രീയ പിന്തുണയുടെ ഭാഗമായല്ല ലഭിച്ചതെന്നും വേടൻ വ്യക്തമാക്കി. “ഞാൻ ഒരു രാഷ്ട്രീയ പാർട്ടിയുടെയും അംഗമല്ല. എനിക്കെതിരായ കേസുകൾ ജോലി ജീവിതത്തെ ബാധിച്ചിട്ടുണ്ട്. വ്യക്തിജീവിതത്തിൽ ഇനി കൂടുതൽ ജാഗ്രത പാലിക്കണം എന്ന് തോന്നിയിട്ടുണ്ട്. പ്രായത്തിന്റേതായ പക്വത കുറവുണ്ടായി പോയി,” എന്നും വേടൻ പറഞ്ഞു.
“വേടനുപോലും” എന്ന വാക്ക് വിവാദമായതിനെ തുടർന്ന് മന്ത്രി സജി ചെറിയാൻ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. “പോലും” എന്ന വാക്ക് വളച്ചൊടിക്കരുതെന്നും, വേടന്റെ വാക്കുകൾ തന്നെയാണ് താൻ ഉദ്ധരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഗാനരചയിതാവല്ലാത്ത ഒരാളായ വേടന് അവാർഡ് ലഭിച്ചതിനെപ്പറ്റിയാണ് അങ്ങനെ പറഞ്ഞതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന ചിത്രത്തിലെ കുതന്ത്രം എന്ന ഗാനത്തിനാണ് മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം വേടൻക്ക് ലഭിച്ചത്. അതേസമയം, ലൈംഗികപീഡനക്കേസുകൾ നേരിടുന്നയാൾക്ക് സംസ്ഥാന അവാർഡ് നൽകുന്നത് ഉചിതമല്ലെന്ന വിമർശനങ്ങളും ഉയർന്നിട്ടുണ്ട്.
Tag: vedan says minister’s words that “even a vedan was awarded” are insulting



