മനുഷ്യരില്‍ മങ്കിപോക്സ് കണ്ടെത്തി
കോവിഡ് മൂന്നാം തരംഗ വ്യാപനത്തിനിടെ ലോകത്ത് മനുഷ്യരില്‍ പുതിയ രോഗം കണ്ടെത്തി. അമേരിക്കയിലാണ് മങ്കിപോക്സ് എന്ന രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. സാധാരണ ജീവിതത്തിലേക്കു തിരിച്ചു വരാനുള്ള അമേരിക്കയുടെ തിരക്കിട്ട ശ്രമങ്ങള്‍ക്കാണ് ഇപ്പോള്‍ ഇരിട്ടടി കിട്ടിയിരിക്കുന്നത്. അതേസമയം രാജ്യത്തെ ആദ്യ രോഗബാധ കണ്ടെത്തിയത് ടെക്സസിലാണ് .മനുഷ്യരില്‍ അത്യപൂര്‍വമായി കാണുന്ന രോഗം ആഫ്രിക്കയില്‍ നിന്നെത്തിയ ആളിലാണ് കണ്ടെത്തിയിരിക്കുന്നത്. രോഗി നിലവില്‍ ചികിത്സയിലാണ് .
1970കളില്‍ നൈജീരിയയിലും മദ്ധ്യ ആഫ്രിക്കന്‍ രാജ്യങ്ങളിലും പടര്‍ന്നു പിടിച്ച മങ്കി പോക്‌സ് 2003ല്‍ അമേരിക്കയിലും വ്യാപകമായി പടര്‍ന്നു പിടിച്ചിരുന്നു.അതേസമയം വസൂരിയുടെ അതേ വിഭാഗത്തില്‍ പെടുന്ന മങ്കിപോക്സ് പകര്‍ച്ചപ്പനിയായി തുടങ്ങി ശരീരത്തെ അതിവേഗം നശിപ്പിക്കാന്‍ ശേഷിയുള്ളതാണ്.ഇത് പുറത്തുകാണുക ശരീരം മുഴുക്കെ തടിപ്പുകളായാണ് .കോവിഡ് പോലെ വായിലൂടെയും മറ്റും പുറത്തുവരുന്ന സ്രവങ്ങളിലടങ്ങിയ വൈറസുകളാണ് രോഗം പരത്തുക.അതിവേഗ വ്യാപന സാധ്യതയുള്ളതിനാല്‍ രോഗിക്കൊപ്പം വിമാനത്തില്‍ സഞ്ചരിച്ചവരുടെ പേരു വിവരങ്ങള്‍ അന്വേഷിക്കുകയാണ്് അധികൃതര്‍.
എന്നാല്‍ വിമാന യാത്രക്കിടെ മാസ്‌ക്ക്് അണിയല്‍ നിര്‍ബന്ധമായതിനാല്‍ പകര്‍ച്ച സാധ്യത കുറവാണെന്ന് അധികൃതര്‍ പ്രതീക്ഷിക്കുന്നുണ്ട്.
രോഗബാധയെ കുറിച്ച് ജനങ്ങള്‍ക്ക് കൃത്യമായ ബോധവത്കരണം നല്‍കിയതായും ആശങ്കപ്പെടേണ്ടതില്ലെന്നും ജാഗ്രതാ നിര്‍ദേശം നല്‍കിയതായും ടെക്‌സാസ് ആരോഗ്യ വിഭാഗം അറിയിച്ചു. കുരങ്ങ് അടക്കമുളള വന്യമൃഗങ്ങളില്‍ നിന്നാണ് മങ്കിപോക്സ് ആദ്യമായി മനുഷ്യനിലേക്ക് വ്യാപിക്കാന്‍ തുടങ്ങിയത് .രോഗം പകര്‍ന്ന ആളില്‍ നിന്ന് വായുവിലൂടെയാണ് വൈറസ് പകരുന്നത്.
കടുത്ത പനി ,കടുത്ത തലവേദന ,പുറം വേദന , പേശികളില്‍ വേദന തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങള്‍. ശേഷം ദേഹമാകമാനം തിണര്‍പ്പുകള്‍ ഉണ്ടാവും .മുഖത്താണ് ആദ്യം തിണര്‍പ്പ് വരുന്നത്. ശേഷം മറ്റ് ശരീരഭാഗങ്ങളിലേക്ക് വ്യാപിക്കും. രണ്ടോ ,നാലോ ആഴ്ച രോഗലക്ഷണങ്ങള്‍ സാധാരണയായി നീണ്ടുനില്‍ക്കും . അതേസമയം മങ്കിപോക്സിനായി പ്രത്യേക ചികിത്സാരീതികളൊന്നും ഇല്ലെങ്കിലും വസൂരിയില്‍ നിന്ന് രക്ഷനേടാനുള്ള വാക്സീന്‍ ഈ വൈറസ് തടയുന്നതില്‍ 85 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.