
ലോകത്ത് കൊവിഡ് മഹാമാരിയുടെ താണ്ഡവം തുടരുകയാണ്. ലോകത്താകമാനം 23,097,871 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ എട്ട് ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം രണ്ടരലക്ഷത്തോളം പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഒരു കോടി അമ്പത്തിയാറ് ലക്ഷത്തിലധികം പേർ ഇതിനകം രോഗമുക്തി നേടി.
അമേരിക്കയിലും ബ്രസീലിലും കൊവിഡ് വിതക്കുന്ന മരണം വർധിക്കുകയാണ്. രണ്ടു രാജ്യങ്ങളിൽ മാത്രമായി കഴിഞ്ഞ ദിവസം ആയിരത്തിലധികം പേരാണ് മരണപ്പെട്ടത്. യു.എസിൽ ഇതുവരെ 179,198 പേർ കൊവിഡ് ബാധിച്ച് മരിച്ചു. നാൽപതിനായിരത്തോളം പേർക്കാണ്
ഇവിടെ പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 5,796,587 ആയി. 3,121,449 പേർ സുഖം പ്രാപിച്ചു.
ബ്രസീലിൽ 3,536,488പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 113,454ആയി. 2,670,755പേർ രോഗമുക്തി നേടി. ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം മുപ്പത് ലക്ഷത്തിലേക്ക് അടുക്കുകയാണ്.വ്യാഴാഴ്ച 68518 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 981 പേർകൂടി മരിച്ചതോടെ ആകെ മരണം 55000 കവിഞ്ഞു.
ജർമ്മനിയിൽ ഇന്നലെ മാത്രം 1,707 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഏപ്രിലിന് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണിത്. ഉക്രെയ്ൻ, ഇന്തൊനേഷ്യ, ഫിലിപ്പൈൻസ് എന്നിവിടങ്ങളിലും വ്യാപനം ശക്തമായിരിക്കുകയാണ്. ദക്ഷിണ കിഴക്കൻ ഏഷ്യയിൽ അണുബാധ നിരക്ക് ഏറ്റവും കൂടുതലുള്ളത് ഇന്തൊനേഷ്യയിലാണ്. ദക്ഷിണ കൊറിയയിൽ രണ്ടാം ഘട്ട വ്യാപനം ശക്തമാവുകയാണ്. ഇന്നലെ 288 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതിനിടെ ലോകത്ത് രണ്ടുവർഷം കൊണ്ട് കൊവിഡ് വ്യാപനം നിയന്ത്രിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്.