ടെലിഗ്രാമിൽ ‘വെള്ളം’; കണ്ടവരും ഡൗൺലോഡ് ചെയ്തവരും കുടുങ്ങും

കൊച്ചി: വെള്ളം സിനിമയുടെ എച്ച് ഡി പ്രിന്റ് ചോർന്നതിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് നിർമ്മാതാവ് രഞ്ജിത്ത്. വെള്ളിയാഴ്ച്ചയോടെയാണ് വെള്ളത്തിന്റെ തിയറ്റർ എച്ച്ഡി പ്രിന്റുകൾ ടെലഗ്രം, യൂട്യൂബ് എന്നീ സമൂഹമാധ്യമങ്ങളിൽ വന്നുകൊണ്ടിരിക്കുകയാണ്. ഇതിന് പിന്നിൽ ഒരു മാഫിയയാണ്. വെള്ളിയാഴ്ച മുതൽ സിനിമയുടെ പൈറസി ടീം ഇതിൻറെ ഉറവിടം കണ്ടുപിടിക്കാൻ ശ്രമിക്കുകയാണ്. എന്നാൽ അതിനൊരു തീരുമാനം ആകാത്തതിനെ തുടർന്നാണ് പരാതി നൽകിയതെന്ന് വെള്ളം സിനിമയുടെ നിർമ്മാതാവ് മാധ്യമങ്ങളോട് പറഞ്ഞു.
വെള്ളത്തിന്റെ പൈറസി ടീം പ്രിന്റുകൾ നീക്കം ചെയ്യാൻ ശ്രമിച്ചെങ്കിലും വീണ്ടും പുതിയ പ്രിന്റുകൾ സമൂഹമാധ്യമത്തിൽ വന്നുകൊണ്ടിരിക്കുകയാണ്. ഇതേ തുടർന്നാണ് വെള്ളത്തിന്റെ അണിയറ പ്രവർത്തകർ പരാതി നൽകിയത്.ജനുവരി 22നാണ് പ്രജേഷ് സെൻ സംവിധാനം ചെയ്ത വെള്ളം റിലീസ് ചെയ്തത്. കേരളത്തിൽ തീയറ്ററുകൾ തുറന്നതിന് ശേഷം ആദ്യമായി പുറത്തിറങ്ങിയ മലയാള ചിത്രമാണ് വെള്ളം.
ചിത്രത്തിൽ പൂർണ്ണ മദ്യപാനിയായ മുരളി എന്ന കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലെ താരത്തിന്റെ അഭിനയത്തിന് മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.കണ്ണൂരിലെ കുടിയന്റെ കഥ പറയുന്ന ചിത്രം മികച്ച ഒരു ഫാമിലി എന്റർടെയ്‌നറായിരിക്കുമെന്ന് സംവിധായകൻ പ്രജേഷ് സെൻ പറഞ്ഞിരുന്നു.