ആശുപത്രിയുടെ പ്രവർത്തനം പൊതുജനാരോഗ്യത്തിനു ഹാനികരമാണെന്ന് പരാതി: ആലപ്പുഴ വെൺമണി പഞ്ചായത്തിലെ എം എസ് എസ് സ്വകാര്യ ആശുപത്രി പൂട്ടാൻ ഉത്തരവ്
ആലപ്പുഴ: ആശുപത്രിയുടെ പ്രവർത്തനം പൊതുജനാരോഗ്യത്തിനു ഹാനികരമാണെന്നു ചൂണ്ടിക്കാട്ടി ആലപ്പുഴ വെണ്മണി ഗ്രാമപഞ്ചായത്തിലെ എം എസ് എസ് സ്വകാര്യ ആശുപത്രി പൂട്ടാൻ ഉത്തരവ്. കേരള പബ്ലിക് ഹെൽത്ത് ഓർഡിനൻസ് പ്രകാരം താൽക്കാലികമായി പൂട്ടാൻ ജില്ലാ മെഡിക്കൽ ഓഫീസറാണ് ഉത്തരവു നൽകിയത്.
ഇവിടെ സർക്കാരിന്റെ ബന്ധപ്പെട്ട അധികാരികളിൽനിന്ന് അനുമതിയില്ലാതെ കൊറോണ രോഗത്തിനുള്ള പരിശോധനയും ചികിത്സയും നടത്തിയിരുന്നു. ആശുപത്രിയിൽ കൊറോണ പോസിറ്റീവ് ആയ മൂന്ന് രോഗികളെ ചികിത്സിക്കുന്നതായും അവിടുത്തെ ജീവനക്കാരിയെ ഐസൊലേഷൻ പാർപ്പിച്ചിരിക്കുന്നതായും അറിഞ്ഞിട്ടും ഇക്കാര്യങ്ങൾ ആരോഗ്യവകുപ്പിനെ ആശുപത്രി അധികൃതർ അറിയിച്ചിരുന്നില്ല. മാലിന്യ നിർമാർജനത്തിനായി ഉചിതമായ മാർഗങ്ങൾ സ്വീകരിക്കാതിരിക്കുക തുടങ്ങിയ സാഹചര്യങ്ങൾ കണക്കിലെടുത്താണ് നടപടിയെന്ന് ഉത്തരവിൽ പറയുന്നു.
ആശുപത്രി നിലവിലെ രീതിയിൽ പ്രവർത്തിക്കുന്നത് പൊതുജനാരോഗ്യത്തിന് ഹാനികരമാണെന്നും പകർച്ചവ്യാധി പകരുന്നതിന് കാരണമാകുമെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. ഈ ആശുപത്രിയിൽ 6 ജീവനക്കാർ കൊറോണ പോസിറ്റീവ് ആയ സാഹചര്യവുമുള്ളതായും കണ്ടെത്തിയിട്ടുണ്ട്.