അവസരവാദ രാഷ്ട്രീയമാണ് നിലനിൽക്കുന്നത്; കപ്യാർ പറയുന്നവർക്ക് വരെ സീറ്റ് കൊടുക്കുന്നു; ഈഴവരുടെ കാര്യം പറയുമ്പോൾ മാത്രം മതം ആരോപിക്കുന്നുവെന്ന് വെളളാപ്പളളി നടേശൻ

ആലപ്പുഴ: എസ് എൻ ഡി പി യോഗം ഒരു രാഷ്ട്രീയ പാർട്ടിയുടേയും ചൂലല്ലെന്ന് ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശൻ. ഇന്ന് സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നത് ബിഷപ്പുമാരും മതപുരോഹിതന്മാരുമാണ്. ഈഴവരുടെ കാര്യം പറയുമ്പോൾ മാത്രം മതം ആരോപിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഭരണത്തിൽ വരണമെന്നുണ്ടെങ്കിൽ ആദർശം ബലികഴിക്കേണ്ട അവസ്ഥയാണ്. രാഷ്ട്രീയ പാർട്ടികൾ മതേതരത്വം കൊണ്ടുനടക്കുന്നത് കളളനാണയമാണ്. എസ് എൻ ഡി പി യോഗത്തിന് അഭിപ്രായങ്ങളുണ്ടാകാം, രാഷ്ട്രീയ അഭിപ്രായങ്ങളുണ്ടാകാം. എന്നാൽ ഒരു രാഷ്ട്രീയ പാർട്ടിയുടേയും വാലല്ല, ചൂലല്ല. സാമൂഹിക നീതിക്കുവേണ്ടി നിൽക്കും. ജനസംഖ്യാനുപാതികമായി നീതികിട്ടണമെന്നാണ് ഇപ്പോൾ ബിഷപ്പ് പറയുന്നത്. അതോടെ പാർട്ടി വച്ചയാളെ മാറ്റി ബിഷപ്പ് വച്ച ആളെ സ്ഥാനാർത്ഥിയാക്കുന്നു. തിരുമേനി പറഞ്ഞെന്നും കപ്യാർ പറഞ്ഞെന്നും പറഞ്ഞ് വരെ സീറ്റ് കൊടുക്കുകയാണെന്നും വെളളാപ്പളളി വിമർശിച്ചു.
രാഷ്ട്രീയ നേതൃത്വം ബലഹീനമാകുന്നു. മുസ്ലിം ലീഗാകട്ടെ 23 പേരെ നിർത്തുമ്പോൾ ഒരു ഈഴവനെ അവരുടെ കൂടെ സ്ഥാനാർത്ഥിയാക്കി കൂടെ. കേരള കോൺഗ്രസ് ഒരു ഈഴവനെ സ്ഥാനാർത്ഥിയാക്കിയില്ല. ഇടതുപക്ഷം വരെ അധികാരത്തിലെത്തണമെങ്കിൽ പലരുടെയും മുന്നിൽ മുട്ടുകുത്താതെ പറ്റില്ല എന്ന അവസ്ഥയിലേക്ക് വന്നപ്പോൾ അവരും ആദർശം കൈവിട്ടു. പലയിടത്തും പോയി മുട്ടിൽ നിൽക്കുകയാണ്. ആദർശ രാഷ്ട്രീയം മരിച്ചുപോയി. അവസരവാദ രാഷ്ട്രീയമാണ് നിലനിൽക്കുന്നതെന്നും വെളളാപ്പളളി പറഞ്ഞു.