കേരളത്തിൽ ഒരു ശ്രീകോവിൽ പ്രവേശന വിളംബരം ഉണ്ടാകണമെന്ന് വെള്ളാപ്പള്ളി നടേശൻ.

കോട്ടയം / ശ്രീകോവിലുകൾക്ക് മുന്നിലെ ജാതിമതിൽ പൊളിക്കണമെന്നും,അതിനായി ഒരു ശ്രീകോവിൽ പ്രവേശന വിളംബരം ഉണ്ടാകണമെന്നും എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ക്ഷേത്ര പ്രവേശന വിളംബരം നടന്നിട്ട് എൺപത്തിനാല് വർഷമായി. പക്ഷേ ക്ഷേത്രങ്ങളിൽ നിന്നും ഇനിയും അയിത്തം തുടച്ചുമാറ്റപ്പെട്ടിട്ടില്ല. ദേവസ്വം ബോർഡിന്റെതടക്കമുള്ള പല പ്രധാനപ്പെട്ട ക്ഷേത്രങ്ങളുടെയും ശ്രീകോവിലിനുള്ളിലേക്ക് പ്രവേശിക്കാൻ ഇന്നും പിന്നാക്കക്കാരന് അവകാശമില്ല. ഈ ദുരവസ്ഥ മാറണമെന്ന് നട്സാണ് ഒരു മലയാള ദിനപത്രത്തിൽ എഴുതിയ ലേഖനത്തിൽ ആവശ്യപ്പെട്ടു.
മിക്ക ക്ഷേത്രങ്ങളിലെയും തിടപ്പള്ളികളിൽ നേദ്യം തയാറാക്കുന്നത് പിന്നാക്ക വിഭാഗക്കാരായ ശാന്തിമാരാണ്. പക്ഷേ ഈ നേദ്യം ശ്രീകോവിലിനുള്ളിലേക്ക് കൊടുക്കാനുള്ള അവകാശം ഇവർക്കില്ല. പിന്നാക്കക്കാരൻ ശ്രീകോവിലിനുള്ളിൽ കയറിയാൽ ദൈവം കോപിക്കുമെന്നാണ് ഇതിന് പറയുന്ന് ന്യായം. ഉത്സവത്തിന് മൂർത്തിയെ എഴുന്നള്ളിക്കാനും അവകാശമില്ല. ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിൽ ഉത്സവപൂജകൾക്ക് പുറത്ത് നിന്നും നമ്പൂതിരി വിഭാഗത്തിലെ തന്ത്രിമാരെത്തും. ഇവർ ക്ഷേത്രത്തിലെത്തിയാൽ ആദ്യം തിരക്കുന്നത് ശാന്തിക്കാരുടെ ജാതിയാണ്. അബ്രാഹ്മണരാണെങ്കിൽ ചടങ്ങുകളിൽ നിന്നെല്ലാം മാറ്റിനിർത്തും. ക്ഷേത്രത്തിലെ കലശാഭിഷേകത്തിന് കലം എടുക്കാൻ അനുവദിക്കില്ല. പുഷ്പാഭിഷേകത്തിന് തന്ത്രി പൂജിച്ച പുഷ്പങ്ങൾ ശ്രീകോവിലിനുളളിലേക്ക് കൊടുക്കാൻ അവകാശമില്ല. ജനാധിപത്യ സമൂഹത്തിന് നിരക്കാത്ത ഒരുപിടി ദുരാചാരങ്ങളാണ് ഇന്ന് ചില ക്ഷേത്രങ്ങളിൽ നിലനിൽക്കുന്നത്. ഇതൊക്കെ തുറന്നുപറയാൻ പല ശാന്തിക്കാരും മടിക്കുകയാണ്. എല്ലാം ഈശ്വരൻ കാണുന്നുവെന്നതാണ് ഇവരുടെ ആശ്വാസം.
ക്ഷേത്രപ്രവേശന വിളംബരത്തിലൂടെ സർക്കാർ ക്ഷേത്രങ്ങൾക്ക് ചുറ്റുമള്ള ജാതിൽ മതിൽ മാത്രമാണ് പൊളിഞ്ഞത്. ശബരിമല ക്ഷേത്രത്തിലെ മേൽശാന്തി സ്ഥാനം ഇപ്പോഴും മലയാളി ബ്രാഹ്മണർക്ക് മാത്രമായി തീറെഴുതിയിരിക്കുന്നത് നവോത്ഥാന കേരളത്തിന് അപമാനമാണ്. മഹത്തായ വിപ്ലവ പാരമ്പര്യം അവകാശപ്പെടുന്ന സർക്കാരുകൾക്കു പോലും ഈ കരിനിയമം മാറ്റിയെഴുതാനുള്ള ധൈര്യമില്ല. ശബരിമലയിൽ മാത്രമല്ല, ഗുരുവായൂർ, ചെട്ടിക്കുളങ്ങര, വൈക്കം അടക്കമുള്ള പല പ്രധാന ക്ഷേത്രങ്ങളിലും ഇതാണ് അവസ്ഥ. ദേവസ്വം ബോർഡിന്റെ ഏല്ലാ ക്ഷേത്രങ്ങളിലും വിവേചനം ഇല്ലെന്നതാണ് ഏറ്റവും വലിയ വൈരുധ്യം. കൂടുതൽ വരുമാനമുള്ള പ്രസിദ്ധമായ ക്ഷേത്രങ്ങളിൽ മാത്രമാണ് വിവേചനം. ഇതിന്റെ കാരണം ആചാരമോ, വിശ്വാസമോ അല്ല, സമ്പത്താണെന്നു വെള്ളാപ്പള്ളി ലേഖനത്തിൽ പറയുന്നു.
വലിയ ക്ഷേത്രങ്ങളിൽ ദക്ഷിണയായി കൂടുതൽ പണം ലഭിക്കും. ഇത് എക്കാലവും തങ്ങൾക്ക് തന്നെ ഉറപ്പാക്കുകയാണ് ഇവരുടെ ലക്ഷ്യം. ഇതിനായി അവർ ആചാരങ്ങൾ ചമയ്ക്കുന്നു. എന്നിട്ട് വിശ്വാസമായി പ്രചരിപ്പിക്കുന്നു. ദൈനംദിന ചെലവുകൾക്ക് പോലും നിവൃത്തിയില്ലാത്ത ക്ഷേത്രങ്ങളിൽ ഇത്തരം ആചാരങ്ങളും വിശ്വാസങ്ങളും വിലക്കുകളുമില്ല. ക്ഷേത്രങ്ങൾ വളർന്നു കഴിയുമ്പോഴാണ് അവിടം നമ്പൂതിരിമാർ കൈയടക്കുന്നത്. ആധിപത്യം ഉറപ്പിക്കാനായി അവർ ആചാരങ്ങൾ ചമയ്ക്കും. ശബരിമല ക്ഷേത്രം അടക്കം ഇതിന് തെളിവാണ്. ചരിത്രം പരിശോധിച്ചാൽ ആദിവാസികൾ ശബരിമലയിൽ പൂജാദി കർമങ്ങൾ ചെയ്തിരുന്നതായി കാണാം. സമീപ കാലത്താണ് മേൽശാന്തി സ്ഥാനം മലയാളി ബ്രാഹ്മണർ കുത്തകയാക്കിയത്. ക്ഷേത്രങ്ങളുടെ ഭരണസമിതികളിലും അയിത്തം നിലനിൽക്കുന്നു. പല ദേവസ്വം ബോർഡ് ക്ഷേത്രങ്ങൾക്ക് പുറമേ തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഉപദേശക സമിതിയിലും പിന്നാക്കക്കാരനെ ഉൾപ്പെടുത്താൻ ബന്ധപ്പെട്ടവർ തയാറാകുന്നില്ല.
ഒരു തന്ത്രിയുടെ കീഴിൽ കുറഞ്ഞത് മൂന്ന് വർഷമെങ്കിലും തന്ത്രവിധി പഠിച്ചവർക്ക് ക്ഷേത്രങ്ങളിൽ പൂജാരിയാകാം. പല ആചാര്യന്മാരുടെ കീഴിലും ബ്രാഹ്മണർ അടക്കമുള്ള സവർണരും പിന്നാക്കകാരും ഒരുമിച്ചാണ് തന്ത്രവിധി പഠിക്കുന്നത്. ഒരേ വിദ്യ തന്നെയാണ് അഭ്യസിപ്പിക്കുന്നത്. പക്ഷേ ഒപ്പം പഠിച്ച സവർണൻ ശ്രീകോവിലിനുള്ളിൽ കയറും. പിന്നാക്കക്കാരൻ പുറത്തു നിൽക്കും. ദൈവത്തിന് മുന്നിൽ ഈ നീതികേട് പാടില്ല. എത്ര വലിയ മഹാന്മാർ കല്പിച്ചതാണെങ്കിലും എത്രകാലം നിന്നതാണെങ്കിലും കാലോചിതമല്ലാത്ത ആചാരങ്ങൾ മാറ്റേണ്ടി വരുമെന്നും വെള്ളാപ്പള്ളി പറയുന്നു. പട്ടിക്കും പൂച്ചയ്ക്കും പൊതുനിരത്തിലൂടെ നടക്കാൻ സ്വാതന്ത്ര്യമുള്ളപ്പോൾ അവർണർക്ക് അതിനുള്ള അവകാശമില്ലായിരുന്നു. ഇതിനെതിരെ ടി.കെ. മാധവൻ അടക്കമുള്ളവരുടെ നേതൃത്വത്തിൽ നടന്ന വൈക്കം സത്യാഗ്രഹമാണ് ക്ഷേത്രപ്രവേശനത്തിനായുള്ള പോരാട്ടങ്ങൾക്ക് കൂടുതൽ കരുത്ത് പകർന്നത്. ശ്രീകോവിലുകൾക്ക് മുന്നിലെ ജാതിച്ചങ്ങല പൊട്ടിച്ചെറിയാൻ സമാനമായ സാമൂഹ്യമുന്നേറ്റം ഉണ്ടാകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അവർണൻ ക്ഷേത്രത്തിൽ പ്രവേശിച്ചാൽ കണ്ണ് പൊട്ടുമെന്നായിരുന്നു പണ്ട് സവർണർ പ്രചരിപ്പിച്ച അന്ധവിശ്വാസം. ഒടുവിൽ അവർണർ ക്ഷേത്രങ്ങളിൽ പ്രവേശിച്ച് കണ്ണടച്ച് തൊഴുത് പ്രാർഥിച്ചു. ആരുടെയും കണ്ണ് പൊട്ടിയില്ല. ഇപ്പോൾ ശ്രീകോവിലുകൾക്ക് മുന്നിലുള്ള ജാതിമതിലും സമാനമായി തകർക്കപ്പെടണം എന്ന് വെള്ളാപ്പള്ളി തന്റെ ലേഖനത്തിൽ പറഞ്ഞിരിക്കുന്നു.