സുധാകരനെ പിന്തുണച്ച് വെള്ളാപ്പള്ളി നടേശന്‍
ചേര്‍ത്തല: സിപിഎമ്മിന്റെ പരസ്യ ശാസന ഏറ്റുവാങ്ങേണ്ടിവന്ന മുന്‍ മന്ത്രി ജി. സുധാകരനെ പിന്തുണച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സുധാകരനെപ്പോലെ അംഗീകാരമുള്ളവര്‍ ആലപ്പുഴയിലില്ല. സുധാകരന്‍ നല്ല സംഘാടകനാണ്, നല്ല മന്ത്രിയുമായിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ മുഖം നോക്കാതെ നടപടിയെടുക്കുന്നതാണ് രീതി. അതാണ് ജി. സുധാകരനെതിരെ നടന്നതുമെന്നാണ് വെള്ളാപ്പള്ളിയുടെ അഭിപ്രായം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലെ വീഴ്ച ചൂണ്ടിക്കാട്ടിയാണ് മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയും സംസ്ഥാന സമിതിയംഗവുമായ ജി. സുധാകരനെ സിപിഎം പരസ്യമായി ശാസിച്ചത്.
സംസ്ഥാന കമ്മിറ്റിയംഗത്തിന് യോജിച്ച രീതിയിലല്ല ജി. സുധാകരന്‍ പ്രവര്‍ത്തിച്ചതെന്നാണ് പാര്‍ട്ടി കണ്ടെത്തല്‍. തെറ്റ് ചെയ്തിട്ടില്ലെന്ന് സംസ്ഥാന കമ്മിറ്റിയില്‍ സുധാകരന്‍ ആവര്‍ത്തിച്ചു. എന്നാല്‍ നടപടിയെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. വിജയിച്ച മണ്ഡലമായ അമ്പലപ്പുഴയില്‍ എച്ച്. സലാം ഉന്നയിച്ച പരാതികള്‍ ശരിയാണെന്ന് പാര്‍ട്ടി കമ്മീഷനും കണ്ടെത്തിയതോടെയാണ് സുധാകരനെതിരായ നടപടി. എളമരം കരീമും കെ.ജെ. തോമസും ഉള്‍പ്പെട്ട അന്വേഷണ കമ്മീഷന്‍ സെപ്റ്റംബറിലാണ് റിപ്പോര്‍ട്ട് സെക്രട്ടറിയേറ്റില്‍ സമര്‍പ്പിച്ചത്.
സമ്മേളന കാലമായിട്ടും ഇളവ് നല്‍കാതെ നേതൃത്വം സംസ്ഥാന കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചര്‍ച്ചക്ക് വച്ചു. സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാന്‍ തക്ക രീതിയില്‍ പ്രവര്‍ത്തിച്ചില്ല, സഹായ സഹകരണങ്ങള്‍ നല്‍കിയില്ല തുടങ്ങിയ കണ്ടെത്തലുകള്‍ കുറ്റപത്രത്തില്‍ അക്കമിട്ട് നിരത്തിയിരുന്നു. ഈ റിപ്പോര്‍ട്ട് സംസ്ഥാനകമ്മിറ്റി അംഗീകരിക്കുകയും ചെയ്തു. ഇക്കാര്യങ്ങളെല്ലാം കൊണ്ട് സുധാകരന്‍ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടിരിക്കുകയാണ്.
അപ്പോഴാണ് പുറത്തുനിന്നും ശക്തമായ പിന്തുണയുമായി വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തിയിരിക്കുന്നത്. ഇതിനിടെ കോണ്‍ഗ്രസിനെ വിമര്‍ശിക്കാനും അദ്ദേഹം മറന്നില്ല. വഴിതടയല്‍ സമരം ഏതുപാര്‍ട്ടി നടത്തിയാലും തെറ്റാണ്. കെ. സുധാകരന്‍ നേതൃത്വത്തില്‍ വന്നപ്പോള്‍ കൊമ്പുകോര്‍ത്തിരുന്ന ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും ഒരുമിച്ചുവെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.