ഓണം സ്പെഷ്യല്‍ ഭക്ഷ്യക്കിറ്റില്‍ ക്രീം ബിസ്‌കറ്റ് വേണ്ട, സര്‍ക്കാരിന് അധികബാധ്യതയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഓണക്കിറ്റില്‍ ക്രീം ബിസ്‌കറ്റ് ഉള്‍പ്പെടുത്തേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണത്തിന് വിതരണം ചെയ്യുന്ന സ്പെഷ്യല്‍ ഭക്ഷ്യക്കിറ്റില്‍ ക്രീം ബിസ്‌കറ്റ് ഉള്‍പ്പെടുത്തേണ്ടെും അത് അധികബാധ്യതയാകുമെന്നും് മുഖ്യമന്ത്രി. 90 ലക്ഷം കിറ്റുകളില്‍ ബിസ്‌കറ്റ് ഉള്‍പ്പെടുത്തുന്നത് സംസ്ഥാന സര്‍ക്കാരിന് 22 കോടിയുടെ അധികബാധ്യതയാകുമെന്ന് പറഞ്ഞാണ് ഭക്ഷ്യവകുപ്പിന്റെ നിര്‍ദേശം മുഖ്യമന്ത്രി തള്ളിയത്.
രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ ഓണമായതിനാല്‍ സ്പെഷ്യല്‍ ഭക്ഷ്യക്കിറ്റില്‍ കുട്ടികള്‍ക്കായി ഒരു വിഭവം എന്ന നിലയിലാണ് ചോക്ലേറ്റ് ക്രീം ബിസ്‌കറ്റ് എന്ന നിര്‍ദേശം ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍ മുന്നോട്ട് വെച്ചത്. എന്നാല്‍ 592 കോടിയാണ് ഇത്രയും കിറ്റുകള്‍ക്ക് മൊത്തം ചെലവ് വരിക. ബിസ്‌കറ്റ് ഒഴിവാക്കിയതിലൂടെ ഇത് 570 കോടിയായി കുറയുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
മുന്‍നിര കമ്പനിയുടെ പാക്കറ്റിന് 30 രൂപ വിലവരുന്ന ബിസ്‌കറ്റ് ഭക്ഷ്യ വകുപ്പ് തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു. പാക്കറ്റ് ഒന്നിന് 22 രൂപയ്ക്ക് സര്‍ക്കാരിന് നല്‍കാമെന്നായിരുന്നു കമ്പനി പറഞ്ഞത്.
ബിസ്‌കറ്റ് ഉള്‍പ്പെടെ 17 ഇന കിറ്റ് നല്‍കാമെന്നും ഭക്ഷ്യ വകുപ്പ് പറഞ്ഞു. എന്നാല്‍ ക്രീം ബിസ്‌കറ്റ് എന്ന നിര്‍ദേശം മുഖ്യമന്ത്രി തള്ളുകയായിരുന്നു. ഇതോടെ 16 ഇനങ്ങള്‍ ഉള്‍പ്പെടുന്ന കിറ്റാണ് ഈ വര്‍ഷം ഓണത്തിന് സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യുന്നത്.