വെഞ്ഞാറമൂട് കൊലക്കേസ്, ഒളിവിലായിരുന്ന രണ്ടാം പ്രതിയും പൊലീസ് പിടിയിൽ

വെഞ്ഞാറമൂട് ഡി.വൈ.എഫ്.ഐ പ്രവർത്തകരായ മിഥിലാജിനേയും ഹഖ് മുഹമ്മദിനെയും കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതികളിൽ ഒരാളായ അൻസർ പൊലീസ് പിടിയിൽ. കേസിലെ രണ്ടാം പ്രതിയാണ് അൻസർ. മിഥിലാജിനേയും ഹഖ് മുഹമ്മദിനെയും വെട്ടിയെന്ന് ദൃക്സാക്ഷി തിരിച്ചറിഞ്ഞവരിൽ ഒരാൾ അൻസറായിരുന്നു. ഒളിവിൽ താമസിച്ചിരുന്ന ബന്ധുവീട്ടിൽ നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഒമ്ബത് ആയി.
രണ്ടാം പ്രതിയായ അൻസർ കൊലപാതക സംഘത്തിലുണ്ടോയെന്ന് അന്വേഷണം തുടരുകയാണെന്ന് ആറ്റിങ്ങൽ ഡി.വൈ.എസ്.പി അറിയിച്ചു. നേരത്തെ അറസ്റ്റിലായ പ്രതികളുടെ മൊഴി അനുസരിച്ച് അൻസർ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നില്ല. എന്നാൽ, അൻസറാണ് ആക്രമിച്ചതെന്നാണ് സാക്ഷി മൊഴി. ഈ വൈരുദ്ധ്യത്തെ കുറിച്ചായിരിക്കും തുടർഅന്വേഷണം.
അതേസമയം, കൊലപാതകത്തിൽ രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ പങ്ക് ആരോപിച്ച് കോൺഗ്രസ് രംഗത്തെത്തി. അപ്പൂസും ഷഹിനും ആക്രമിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമായിട്ടും പൊലീസ് ഒഴിവാക്കിയെന്ന് നേതാക്കൾ സിസിടിവി ദൃശ്യങ്ങൾ അടിസ്ഥാനപ്പെടുത്തി ആരോപിച്ചു.