CrimeDeathKerala NewsLatest NewsLocal NewsNationalNewsPolitics

വെഞ്ഞാറമുട് ഇരട്ടക്കൊല സിബിഐയ്ക്ക് വിടണം. മുല്ലപ്പള്ളി

വെഞ്ഞാറമുട് ഇരട്ടക്കൊലപാതകം സിബിഐയ്ക്ക് വിടാന്‍ കേരള സര്‍ക്കാര്‍ തയാറാകണമെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു. മരണങ്ങളെ ആഘോഷമാക്കുന്ന പാര്‍ട്ടിയാണ് സിപിഐഎമ്മെന്ന് കുറ്റപ്പെടുത്തിയ കെപിസിസി പ്രസിഡന്റ്, കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. രക്തസാക്ഷികളുടെ പേരില്‍ പാര്‍ട്ടി ഫണ്ട് പിരിക്കുന്നതിലാണ് സിപിഐഎമ്മിന് താത്പര്യം. ഓരോ മരണവും തീവ്രമായ ദുഖമാണ്. വെഞ്ഞാറമൂട് കൊലപാതകത്തെ രാഷ്ട്രീയ കൊലപാതകമായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നു. നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം നടത്തണം. മുഖ്യമന്ത്രിയുടെ ആജ്ഞാനുവര്‍ത്തികളായ ഉദ്യോഗസ്ഥര്‍ നടത്തുന്ന അന്വേഷണത്തില്‍ കോണ്‍ഗ്രസിന് വിശ്വാസമില്ല. അതിനാലാണ് സി ബി ഐ അന്വേഷണം ആവശ്യപ്പെടുന്നത്. മുല്ലപ്പള്ളി പറഞ്ഞു.

അക്രമത്തെ ഒരിക്കലും പ്രോത്സാഹിപ്പിക്കുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്. രണ്ട് സംഘങ്ങള്‍ നടത്തിയ അക്രമമാണ് തിരുവനന്തപുരത്ത് വെഞ്ഞാറമൂട്ടില്‍ കൊലപാതകത്തില്‍ കാലാശിച്ചത്. ആ സംഭവുമായി കോണ്‍ഗ്രസിന് ഒരു ബന്ധവുമില്ല. ഈ ദാരുണ സംഭവത്തെ കെപിസിസി ശക്തമായി അപലപിക്കുന്നു. ആഭ്യന്തരമന്ത്രിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ മോഡല്‍ അക്രമം തലസ്ഥാനത്തേക്കും വ്യാപിപ്പിക്കാനാണ് സിപിഐഎം ശ്രമിക്കുന്നതെന്നും മുല്ലപ്പള്ളി ആരോപിച്ചു.

സംസ്ഥാനത്ത് ചൊവ്വാഴ്ച വിവിധ ഇടങ്ങളില്‍ കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ അക്രമം ഉണ്ടായി. കണ്ണൂരില്‍ പത്തിടത്തും കോഴിക്കോട് അഞ്ചിടത്തും കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ അക്രമം നടന്നു. ഇടുക്കി, പാലക്കാട്, കായകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലും ഓഫീസുകള്‍ അക്രമിക്കപ്പെട്ടു. സംസ്ഥാനത്ത് നൂറിലധികം കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് ആക്രമിക്കപ്പെട്ടതായി കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തില്‍ കോണ്‍ഗ്രസിന് ബന്ധമില്ലെന്നും, കൊലപാതകവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന് യാതൊരു ബന്ധവുമില്ലെന്ന് ജില്ലാ കമ്മിറ്റിയില്‍ നിന്ന് റിപ്പോര്‍ട്ട് ലഭിച്ചെന്നും മുല്ലപ്പള്ളി പറഞ്ഞു.

‘ഇത് രണ്ട് ഗ്യാങ്ങുകള്‍ തമ്മില്‍ നടത്തിയ സംഘട്ടനത്തിന്റെ സംഭവിച്ച ഒരു ദുരന്തമാണ്. ആ ദുരന്തത്തില്‍ ഒരു തരത്തിലും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് പങ്കില്ല. കഴിഞ്ഞ ദിവസം ജില്ലാ കമ്മിറ്റിയോട് ഒരു റിപ്പോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നു. പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തിനോ, അല്ലെങ്കില്‍ മറ്റേതെങ്കിലുമൊരു കോണ്‍ഗ്രസിന്റെ നേതൃത്വത്തിനോ, കൊലപാതകവുമായി യാതൊരു ബന്ധവുമില്ലെന്നാണ് ജില്ലാ നേതൃത്വത്തില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ട്,’ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button