മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ടി.ജെ.എസ്. ജോർജ് അന്തരിച്ചു

മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ടി.ജെ.എസ്. ജോർജ് (97) അന്തരിച്ചു. ബെംഗളൂരുവിലെ മണിപ്പാൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്നാണ് അന്ത്യം സംഭവിച്ചത്.
സ്വതന്ത്ര ഇന്ത്യയിൽ തടവിലാക്കപ്പെട്ട ആദ്യ പത്രാധിപർ എന്ന പ്രത്യേകതയാണ് ജോർജിനുള്ളത്. പത്തനംതിട്ടയിലെ തുമ്പമൺ സ്വദേശിയായ അദ്ദേഹം 2011-ൽ പത്മഭൂഷൺ പുരസ്കാരവും 2017-ൽ സ്വദേശാഭിമാനി–കേസരി പുരസ്കാരവും കരസ്ഥമാക്കിയിരുന്നു.
1965-ൽ ബിഹാർ മുഖ്യമന്ത്രി കെ.ബി. സഹായിയെ വിമർശിച്ച് പട്ന ബന്ദിനെക്കുറിച്ച് സ്വതന്ത്രമായ റിപ്പോർട്ട് നൽകിയതിനാലാണ് 37-ാം വയസിൽ അദ്ദേഹം തടവിലായത്. അന്ന് പട്നയിലെ സർച്ച്ലൈറ്റ് പത്രത്തിന്റെ എഡിറ്ററായിരുന്നു. കേസിൽ അദ്ദേഹത്തിന് വേണ്ടി വാദിക്കാൻ പ്രതിരോധമന്ത്രി വി.കെ. കൃഷ്ണമേനോൻ തന്നെ കോടതിയിൽ ഹാജരായി.
1928 മെയ് 7-ന് പത്തനംതിട്ടയിൽ മജിസ്ട്രേറ്റ് ടി.ടി. ജേക്കബിന്റെയും ചാച്ചിയാമ്മ ജേക്കബിന്റെയും മകനായി തയ്യാറിൽ ജേക്കബ് സോണി ജോർജ് (ടി.ജെ.എസ്. ജോർജ്) ജനിച്ചു. 1950-ൽ മുംബൈയിലെ ഫ്രീപ്രസ് ജേർണൽ വഴിയാണ് മാധ്യമജീവിതം ആരംഭിച്ചത്. പിന്നീട് സർച്ച്ലൈറ്റ്, ഫാർ ഈസ്റ്റേൺ ഇക്കണോമിക് റിവ്യൂ, ഇന്റർനാഷണൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങി നിരവധി പ്രമുഖ മാധ്യമ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു. ഹോങ്കോങ്ങിൽ നിന്നാരംഭിച്ച ഏഷ്യാവീക്ക് മാസികയുടെ സ്ഥാപക പത്രാധിപരും ആയിരുന്നു.
ന്യൂ ഇന്ത്യൻ എക്സ്പ്രസ് ഗ്രൂപ്പിന്റെ എഡിറ്റോറിയൽ ഉപദേശകനായും അദ്ദേഹം പ്രവർത്തിച്ചു. ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തിലെ 25 വർഷത്തോളം തുടർന്ന “പോയിന്റ് ഓഫ് വ്യൂ” കോളം ഏറെ ശ്രദ്ധേയമായി. 2022-ൽ, 94-ാം വയസ്സിൽ, 57 വർഷത്തെ സജീവ പത്രപ്രവർത്തനത്തിന് വിരാമമിട്ടു.
പത്രപ്രവർത്തനത്തോടൊപ്പം നിരവധി പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. വി.കെ. കൃഷ്ണമേനോൻ, എം.എസ്. സുബ്ബലക്ഷ്മി, നർഗീസ്, പോത്തൻ ജോസഫ്, ലീ ക്വാൻ യൂ എന്നിവരുടെ ജീവചരിത്രങ്ങളും തന്റെ ആത്മകഥയും ഉൾപ്പെടെ നിരവധി ഗ്രന്ഥങ്ങൾ അദ്ദേഹം മലയാളത്തിനും ഇന്ത്യൻ മാധ്യമലോകത്തിനും സമ്മാനിച്ചിട്ടുണ്ട്.
Tag: Veteran journalist and writer T.J.S. George passes away