ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്: സിപി രാധാകൃഷ്ണൻ ഇന്ന് നാമനിർദ്ദേശം സമർപ്പിക്കും
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനായി എൻഡിഎ സ്ഥാനാർത്ഥി സിപി രാധാകൃഷ്ണൻ ഇന്ന് രാവിലെ 11 മണിക്ക് നാമനിർദ്ദേശപത്രിക സമർപ്പിക്കും. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള എൻഡിഎയുടെ പ്രമുഖ നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന എൻഡിഎ പാർലമെന്ററി പാർട്ടി യോഗത്തിലാണ് സിപി രാധാകൃഷ്ണനെ സ്ഥാനാർത്ഥിയായി തീരുമാനിച്ചത്.
സിപി രാധാകൃഷ്ണനെ ഏകകണ്ഠമായി തെരഞ്ഞെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിപക്ഷത്തോട് അഭ്യർത്ഥിച്ചിരുന്നു. സ്ഥാനാർത്ഥിക്കായി ഇന്ത്യ സഖ്യത്തിന്റെ പിന്തുണ തേടി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് നേതാക്കളുമായി സംസാരിച്ചിരുന്നു. എന്നാൽ ഡിഎംകെ സിപി രാധാകൃഷ്ണനെ പിന്തുണയ്ക്കില്ലെന്ന് വ്യക്തമാക്കി. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനോടും രാജ്നാഥ് സിംഗ് ഫോണിൽ സംസാരിച്ചു.
അതേസമയം, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഇന്ത്യ സഖ്യത്തിന്റെ യോഗം ഇന്ന് പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ ചേരും. ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാർത്ഥിയായ സുപ്രീംകോടതിയുടെ മുൻ ജഡ്ജി ജസ്റ്റിസ് ബി. സുധർശൻ റെഡി ഡൽഹിയിൽ എത്തി. അദ്ദേഹത്തിന്റെ നാമനിർദ്ദേശം വ്യാഴാഴ്ച സമർപ്പിക്കുമെന്ന് എഐസിസി അധ്യക്ഷൻ മല്ലികാർജുന്‍ ഖാർഗെ അറിയിച്ചു.
Tag: Vice Presidential Election: CP Radhakrishnan to file nomination today