ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്; ജസ്റ്റിസ് ബി. സുദർശൻ റെഡ്ഡി ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും
ഇന്ത്യാ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി ജസ്റ്റിസ് ബി. സുദർശൻ റെഡ്ഡി ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. രാജ്യസഭാ സെക്രട്ടറി ജനറൽ, തെരഞ്ഞെടുപ്പ് വരണാധികാരിയ്ക്കാണ് അദ്ദേഹം പത്രിക കൈമാറുന്നത്. ജസ്റ്റിസ് സുദർശൻ റെഡ്ഡിയെ മുന്നോട്ടുവച്ചത്, തെലുങ്ക് ദേശം പാർട്ടി (ടിഡിപി), ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) എന്നിവ ഉൾപ്പെടെയുള്ള കക്ഷികളിൽ സമ്മർദ്ദം സൃഷ്ടിക്കാനാണ് ഇന്ത്യാ സഖ്യത്തിന്റെ ശ്രമം. ഇതിനിടെ, എൻഡിഎ സ്ഥാനാർത്ഥി സി.പി. രാധാകൃഷ്ണൻ ഇന്നലെ തന്നെ പത്രിക സമർപ്പിച്ചിരുന്നു. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് അടുത്ത മാസം 9നാണ് നടക്കുന്നത്.
1946 ജൂലൈ 8-ന് ആന്ധ്രാപ്രദേശിലാണ് സുദർശൻ റെഡ്ഡിയുടെ ജനനം. 1971-ൽ ഹൈദരാബാദിലെ ആന്ധ്രാപ്രദേശ് ബാർ കൗൺസിലിൽ അഭിഭാഷകനായി പ്രവേശിച്ചു. 1988 മുതൽ 1990 വരെ ആന്ധ്രാപ്രദേശ് ഹൈക്കോടതിയിൽ സർക്കാർ അഭിഭാഷകനായും 1990-ൽ ആറുമാസത്തേക്ക് കേന്ദ്ര സർക്കാരിന്റെ അഡീഷണൽ സോളിസിറ്റർ ജനറലായും സേവനം അനുഷ്ഠിച്ചു. 1995 മെയ് 2-ന് ആന്ധ്രാപ്രദേശ് ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിയായി നിയമിതനായി. തുടർന്ന് 2005 ഡിസംബർ 5-ന് ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസായും 2007 മുതൽ 2011 ജൂലൈ 8 വരെ സുപ്രീംകോടതി ജഡ്ജിയായും സേവനമനുഷ്ഠിച്ചു.
Tag: Vice Presidential Election; Justice B. Sudarshan Reddy to file nomination today