ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്; പുതിയ ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ, പ്രതീക്ഷിച്ച വോട്ടുകൾ ലഭിക്കാതെ പ്രതിപക്ഷം
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വോട്ടുകൾ ലഭിക്കാത്തതിൽ നിന്ന് ഉണ്ടായ ആഘാതത്തിലാണ് പ്രതിപക്ഷം. എഎപിയുടെയും ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിന്റെയും എംപിമാരിൽ നിന്നാണ് വോട്ട് ചോർച്ച സംഭവിച്ചതെന്നാണ് INDIA മുന്നണിയുടെ വിലയിരുത്തൽ.
324 വോട്ട് നേടാമെന്നായിരുന്നു പ്രതീക്ഷ. ഇന്നലെ വൈകിട്ട് വരെ 315 വോട്ടുകൾ ഉറപ്പാണെന്ന് നേതാക്കൾ പറഞ്ഞിരുന്നു. പക്ഷേ അന്തിമ ഫലം പുറത്തുവന്നപ്പോൾ പ്രതിപക്ഷ സ്ഥാനാർത്ഥിക്ക് ലഭിച്ചത് വെറും 300 വോട്ടുകൾ. നേരത്തെ INDIA മുന്നണി വിട്ട എഎപിയിലെ ചിലർ ബിജെപിയോട് സൗഹൃദപരമായ സമീപനം സ്വീകരിച്ചിരുന്നു. അതുപോലെ, ഉദ്ധവ് വിഭാഗത്തിലെ ചില എംപിമാർ ശിൻഡെ ഗ്രൂപ്പുമായി കൈകോർക്കാൻ ആഗ്രഹിച്ചതായും വിലയിരുത്തുന്നു. ഇതാണ് വോട്ട് ചോർച്ചയ്ക്ക് കാരണമായതെന്നാണ് മുന്നണിയുടെ നിഗമനം.
ആകെ രേഖപ്പെടുത്തിയ 767 വോട്ടുകളിൽ 452 വോട്ടുകൾ നേടി സി. പി. രാധാകൃഷ്ണൻ വിജയിച്ചു. 152 വോട്ടുകളുടെ ഭൂരിപക്ഷമാണ് അദ്ദേഹത്തിനുള്ളത്. തമിഴ്നാട് ബിജെപിയുടെ മുൻ അധ്യക്ഷനായ സി. പി. രാധാകൃഷ്ണൻ, രാഷ്ട്രീയ ജീവിതം ആരംഭിച്ചത് ആർ.എസ്.എസ്. വഴിയാണ്. തുടർന്ന് ജനസംഘത്തിലും പിന്നീട് ബിജെപിയിലും പ്രമുഖ നേതാവായി മാറി. കോയമ്പത്തൂരിൽ നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം, ജാർഖണ്ഡ് ഗവർണറായും 2020 മുതൽ 2022 വരെ ബിജെപിയുടെ കേരള പ്രഭാരിയായും സേവനമനുഷ്ഠിച്ചു.
1957 ഒക്ടോബർ 20-ന് തിരുപ്പൂരിൽ ജനിച്ച രാധാകൃഷ്ണൻ, 16-ആം വയസ്സിൽ ആർ.എസ്.എസ്. പ്രവർത്തകനായി രംഗത്തെത്തി. 1974-ൽ ഭാരതീയ ജനസംഘത്തിന്റെ സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായും 1996-ൽ ബിജെപി സംസ്ഥാന സെക്രട്ടറിയായും, 2004-ൽ സംസ്ഥാന അധ്യക്ഷനായും തെരഞ്ഞെടുക്കപ്പെട്ടു. അധ്യക്ഷനായിരിക്കെ 93 ദിവസം നീണ്ടുനിന്ന 19,000 കിലോമീറ്റർ ‘രഥയാത്ര’യ്ക്ക് നേതൃത്വം നൽകി. രാജ്യത്തെ എല്ലാ നദികളെയും ബന്ധിപ്പിക്കുക, ഭീകരവാദത്തിനെതിരെ പോരാടുക, ഏകീകൃത സിവിൽ കോഡ് നടപ്പാക്കുക, സ്പർശനീയ-അസ്പർശനീയ വ്യത്യാസം ഇല്ലാതാക്കുക, മയക്കുമരുന്ന് ഭീഷണിക്കെതിരെ നിലകൊള്ളുക എന്നിവയാണ് യാത്രയിൽ ഉന്നയിച്ച പ്രധാന ആവശ്യങ്ങൾ.
1998-ൽ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട രാധാകൃഷ്ണൻ 1999-ൽ വീണ്ടും വിജയിച്ചു. എംപിയായിരിക്കെ ടെക്സ്റ്റൈൽസ് സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ചെയർമാൻ, പൊതുമേഖലാ സ്ഥാപനങ്ങൾക്കായുള്ള കമ്മിറ്റിയിലെ അംഗം, ധനകാര്യത്തിനായുള്ള കോൺസൾട്ടേറ്റീവ് കമ്മിറ്റിയിലെ അംഗം, സ്റ്റോക്ക് എക്സ്ചേഞ്ച് കുംഭകോണം അന്വേഷിച്ച പാർലമെന്ററി സ്പെഷ്യൽ കമ്മിറ്റിയിലെ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.
2016-ൽ കയർ ബോർഡ് ചെയർമാനായി നിയമിക്കപ്പെട്ട അദ്ദേഹം നാല് വർഷം ആ സ്ഥാനത്ത് തുടർന്നു. ഈ കാലത്ത് ഇന്ത്യയിലെ കയർ കയറ്റുമതി ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ ₹2532 കോടി രൂപയിലെത്തി. 2023 ഫെബ്രുവരി 18-ന് ജാർഖണ്ഡ് ഗവർണറായും തുടർന്ന് തെലങ്കാന ഗവർണറുടെയും പുതുച്ചേരി ലെഫ്. ഗവർണറുടെയും ചുമതലകളും വഹിച്ചു. 2024 ജൂലൈ 31-ന് മഹാരാഷ്ട്ര ഗവർണറായി സത്യപ്രതിജ്ഞ ചെയ്തു.
ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദം നേടിയ രാധാകൃഷ്ണൻ മികച്ച കായികതാരവുമായിരുന്നു. കോളേജ് ടേബിൾ ടെന്നീസ് ചാമ്പ്യനും ദീർഘദൂര ഓട്ടക്കാരനുമായിരുന്നു. അമേരിക്ക, യുകെ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, സ്പെയിൻ, പോർച്ചുഗൽ, നോർവേ, ഡെൻമാർക്ക്, സ്വീഡൻ, ഫിൻലാൻഡ്, ബെൽജിയം, നെതർലാൻഡ്‌സ്, തുർക്കി, ചൈന, മലേഷ്യ, സിംഗപ്പൂർ, തായ്‌വാൻ, തായ്‌ലൻഡ്, ഈജിപ്ത്, യുഎഇ, ബംഗ്ലാദേശ്, ഇന്തോനേഷ്യ, ജപ്പാൻ എന്നിവ ഉൾപ്പെടെ നിരവധി രാജ്യങ്ങൾ സന്ദർശിച്ചു. പാർലമെന്ററി പ്രതിനിധി സംഘത്തിന്റെ ഭാഗമായി യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്തിട്ടുണ്ട്. തായ്‌വാനിലേക്കുള്ള ആദ്യ ഇന്ത്യൻ പാർലമെന്ററി പ്രതിനിധി സംഘത്തിലും അംഗമായിരുന്നു.
Tag: Vice-Presidential election; New Vice President C. P. Radhakrishnan, Opposition fails to get expected votes