Kerala NewsLatest News

രാത്രി കാലങ്ങളില്‍ വീഡിയോ കോള്‍, ഇമോജികള്‍; അധ്യാപകനെതിരെ പരാതി

തിരുവനന്തപുരം: രാത്രി കാലങ്ങളില്‍ ലൈംഗികചുവയോടെ പെരുമാറിയെന്നും ഫോണിലൂടെ ശല്യം ചെയ്‌തെന്നും ആരോപിച്ച് അധ്യാപകനെതിരെ പരാതി നല്‍കി വിദ്യാര്‍ത്ഥികള്‍. ഗവര്‍ണര്‍ക്കാണ് ഇതു സംബന്ധിച്ച് വിദ്യാര്‍ഥികള്‍ പരാതി നല്‍കിയത്. രാത്രി സമയങ്ങളില്‍ പെണ്‍കുട്ടികളെ നിരന്തരം വാട്‌സ് ആപ്പിലൂടെ വീഡിയോ കോള്‍ ചെയ്തും ചുംബന സ്‌മൈലികള്‍ അയച്ചും അനാവശ്യമായി സംസാരിക്കുന്നുവെന്നുമാണ് പരാതിയില്‍ പറയുന്നത്. തിരുവനന്തപുരം ചെമ്പഴന്തി എസ്എന്‍ കോളജിലെ വിദ്യാര്‍ത്ഥികളാണ് രാജ്ഭവനിലെത്തി പരാതി നല്‍കിയത്. പൊളിറ്റിക്കല്‍ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിലെ അധ്യാപകനും എന്‍എസ്എസ് പ്രോഗ്രാം ഓഫീസറുമായ ടി അഭിലാഷിനെതിരെയാണ് വിദ്യാര്‍ത്ഥികളുടെ പരാതി. അതേസമയം പരാതി നല്‍കിയ വിദ്യാര്‍ത്ഥികളെ മാനേജ്‌മെന്റ് ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്.

ആദ്യം രണ്ട് വിദ്യാര്‍ത്ഥികളാണ് പരാതിയുമായി രംഗത്ത് വന്നത്്. എന്നാല്‍ കോളജ് മാനേജ്‌മെന്റിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഇവര്‍ രേഖാമൂലം പരാതി നല്‍കാതെ അതില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു. പിന്നാലെ പ്രിന്‍സിപ്പാളിന് ആറ് പേര്‍ പരാതി മെയിലായി അയച്ചു. കോളജില്‍ സംഘടിപ്പിച്ച ജന്‍ഡര്‍ സെന്‍സിറ്റിവിറ്റി ക്ലാസിന് ശേഷമാണ് പരാതിയുമായി കുട്ടികള്‍ രംഗത്തെത്തിയത്.

എച്ച്ഒഡിമാര്‍ ഉള്‍പ്പടെയുളള അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ വിളിച്ച് പരാതി പിന്‍വലിപ്പിക്കാന്‍ സമ്മര്‍ദ്ദവും ചെലുത്തിയെന്നും പരാതിയുണ്ട്. യൂണിയന്‍ ഭാരവാഹികളടക്കം പരാതിയില്‍ നിന്ന് പിന്‍വാങ്ങാന്‍ ആവശ്യപ്പെട്ട് കുട്ടികളില്‍ സമ്മര്‍ദ്ദം ചെലുത്തി. തുടര്‍നടപടികള്‍ സ്വീകരിക്കാതെ പ്രിന്‍സിപ്പാള്‍ പരാതിക്കാരെയും രക്ഷിതാക്കളെയും വിളിച്ചുവരുത്തിയെന്നും പരാതിക്കാരുടെ വിവരങ്ങള്‍ പുറത്തുവിട്ടെന്നുമുളള ആരോപണങ്ങളും ഉയരുന്നുണ്ട്.

കൈതട്ടിയാണ് കോളുകള്‍ പോയതെന്നും ചില അധ്യാപകര്‍ക്ക് തന്നോടുള്ള വിരോധത്തിന്റെ പേരിലാണ് പരാതി ഉന്നയിക്കുന്നതെന്നും് ആരോപണവിധേയനായ അഭിലാഷ് പറഞ്ഞു. അതേസമയം സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ലെന്നും ആഭ്യന്തര പരാതി പരിഹാര സെല്ലിന് കൃത്യസമയത്ത് പരാതി കൈമാറിയിട്ടുണ്ടെന്നും, കോളേജ് മാനേജ്‌മെന്റ് പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ പരാതി ഗവര്‍ണര്‍ ഡിജിപിക്ക് കൈമാറും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button