Kerala NewsLatest NewsNews

അധിക യോഗ്യതയുള്ള മൂന്നാം റാങ്കുകാരനെ പിന്നിലാക്കി നിനിത ഒന്നാമതെത്തി, ഗവര്‍ണര്‍ക്ക് പരാതി നല്‍കി ഡോ.വി ഹിക്മത്തുല്ല

കാലടി : എംബി രാജേഷിന്റെ ഭാര്യയുടെ അനധികൃത നിയമനം വിവാദം കൊഴുക്കുന്നു. ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ മലയാളം വിഭാഗത്തില്‍ അസി. പ്രൊഫസര്‍ (മുസ്‌ലിം സംവരണം) തസ്തികയില്‍ അനധികൃത നിയമനം ആരോപിച്ച് ഉദ്യോഗാര്‍ത്ഥി ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പരാതി നല്‍കി. അധികയോഗ്യതയുള്ള തന്നെ മറികടന്നാണ് നിനിതക്ക് നിയമനം നല്‍കിയതെന്ന് ഡോ. വി. ഹിക്മത്തുല്ല പരാതിയില്‍ ആരോപിച്ചു.

2020 ജനുവരി 21ന് നടത്തിയ അഭിമുഖത്തില്‍ മൂന്നാം റാങ്ക് നേടിയ ഡോ. വി. ഹിക്മത്തുല്ലയാണ് പരാതി നല്‍കിയത്. മുസ്‌ലിം വിഭാഗത്തില്‍ ഒന്നാം റാങ്ക് നേടിയത് പാലക്കാട് മുന്‍ എം.പിയും സി.പി.എം നേതാവുമായ എം.ബി. രാജേഷിന്റെ ഭാര്യ ആര്‍. നിനിതയാണ്. പക്ഷപാതപരമായ നിയമനം റദ്ദാക്കി, രണ്ടാമത് അഭിമുഖം നടത്തി ഉദ്യോഗാര്‍ത്ഥികള്‍ക്ക് നീതി ലഭ്യമാക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു.

നിനിതയുടെ നിയമനത്തില്‍ ക്രമക്കേടുണ്ടെന്ന് സൂചിപ്പിച്ച് കാലിക്കറ്റ് സര്‍വകലാശാലയിലെ പ്രൊഫസര്‍ ഡോ. ഉമര്‍ തറമേല്‍ രംഗത്തെത്തിയിരുന്നു. നിനിത നിയമിക്കപ്പെട്ട തസ്തികയിലേക്കുള്ള അഭിമുഖത്തില്‍ ഭാഷാവിദഗ്ധന്‍ എന്ന നിലയില്‍ വിദഗ്ധസമിതി അംഗമായി പങ്കെടുത്തയാളായിരുന്നു ഡോ. ഉമര്‍ തറമേല്‍.

റാങ്ക് ലിസ്റ്റ് തന്നെ ശീര്‍ഷാസനം ചെയ്ത് പോയ അനുഭവം ഇതാദ്യമായിട്ടാണെന്നും ഇനി മേലാല്‍ ഭാഷാവിദഗ്ധന്‍ എന്ന നിലയില്‍ നിയമനപ്രക്രിയകളില്‍ പങ്കെടുക്കാനില്ലെന്നും ഡോ. ഉമര്‍ തറമേല്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലെഴുതി. ഉമര്‍ തറമേല്‍ അടക്കം തയ്യാറാക്കി നല്‍കിയ ലിസ്റ്റില്‍ നിര്‍ദേശിച്ച ഉദ്യോഗാര്‍ത്ഥി നിനിതയല്ല എന്നാണ് അദ്ദേഹം സൂചിപ്പിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button