കെ.എം.ഷാജിയെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്യും
കോഴിക്കോട്: അനധികൃത സ്വത്ത് സമ്ബാദന കേസില്‍ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജിയെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി വിജിലന്‍സ്. അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകാനാവശ്യപ്പെട്ട് അടുത്ത ദിവസം ഷാജിക്ക് നോട്ടീസ് നല്‍കുമെന്നാണ് വിവരം.
നേരത്തെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച മൊഴികളും ഷാജി സമര്‍പ്പിച്ച രേഖകളും തമ്മില്‍ വൈരുദ്ധ്യങ്ങളുണ്ടെന്നാണ് വിജിലന്‍സ് വിലയിരുത്തല്‍. സ്വമേധയാ ശേഖരിച്ച തെളിവുകളുടെ കൂടി അടിസ്ഥാനത്തിലാവും ഷാജിയെ ഇനി വിജിലന്‍സ് ചോദ്യം ചെയ്യുന്നത്. എംഎല്‍എയായിരിക്കെ കണ്ണൂര്‍ അഴീക്കോട്ടെ സ്കൂളിന് പ്ലസ്ടു അനുവദിച്ച് കിട്ടാന്‍ ഷാജി സ്കൂള്‍ മാനേജ്മെന്റില്‍ നിന്ന് 25 ലക്ഷം രൂപ കൈപ്പറ്റിയെന്ന ആരോപണമാണ് അന്വേഷണത്തിനിടയാക്കിയത്.
തുടര്‍ന്ന് വരവില്‍ കവിഞ്ഞ സ്വത്ത് സമ്ബാദിച്ചതായി കണ്ടെത്തി. അഴീക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന ഷാജിയുടെ വീട്ടില്‍ നിന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞതിന്റെ തൊട്ടടുത്ത ദിവസം 47 ലക്ഷം രൂപയും നിരവധി രേഖകളും വിജിലന്‍സ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ പണം തെരഞ്ഞെടുപ്പ് ഫണ്ടാണെന്നു പറഞ്ഞ ഷാജി, യുഡിഎഫ് അഴീക്കോട് മണ്ഡലം കമ്മിറ്റി തെരഞ്ഞെടുപ്പ് ഫണ്ട് പിരിക്കാന്‍ തീരുമാനിച്ച യോഗത്തിന്റെ മിനുട്സും പണം വാങ്ങിയ രതീസും കൗണ്ടര്‍ ഫോയിലുകളും വിജിലന്‍സിന് കൈമാറിയിരുന്നു. കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലെ സ്വത്തുവഹകളുടെയും കൃഷി, ബിസിനസ് പങ്കാളിത്തം എന്നിവയുടെ രേഖകളും കൈമാറി. ഈ രേഖകളിലാണ് അവ്യക്തത നിലനില്‍ക്കുന്നതെന്ന് വിജിലന്‍സ് പറയുന്നു.