സ്വപ്നയുടെ വാട്സാപ് ചാറ്റുകൾ കിട്ടി,ശിവശങ്കറെ എൻഐഎ വീണ്ടും ചോദ്യം ചെയ്യും, മന്ത്രിയുടെ സന്ദേശങ്ങൾ പരിശോധിക്കുന്നു.

സ്വപ്ന സുരേഷ് ഉൾപ്പെടെയുള്ള സ്വർണക്കടത്തു കേസ് പ്രതികളുടെ മൊബൈൽ ഫോണുകളിൽനിന്നു ലഭിച്ച ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറെ എൻഐഎ വീണ്ടും ചോദ്യം ചെയ്യും. സ്വപ്നയുടെ ഫോൺ അന്വേഷണ ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുക്കുമ്പോൾ വാട്സാപ് ചാറ്റുകൾ ഡിലീറ്റ് ചെയ്ത നിലയിലായിരുന്നു. ഇതെല്ലാം ഇപ്പോൾ അന്വേഷണ സംഘം വീണ്ടെടുത്തിയിരിക്കുകയാണ്.
സ്വപ്നയുടെ ഡിലീറ്റ് ചെയ്ത വാട്സാപ് ചാറ്റുകൾ വീണ്ടെടുത്തപ്പോൾ ലഭിച്ച നിർണായക വിവരങ്ങൾ ലഭിച്ചതിനെ തുടർന്നാണ് എൻ ഐ എ എം.ശിവശങ്കറെ ചോദ്യംചെയ്യുക. ശിവശങ്കറിന്റെ മൊഴികളിൽ വാട്സാപ് ചാറ്റുകളുമായി നോക്കുമ്പോൾ വൈരുധ്യമുണ്ട്. സ്വപ്നയുമായി അടുപ്പമുള്ള ഒരു മന്ത്രിയുടെ സന്ദേശങ്ങളും എൻഐഎ വിശകലനം ചെയ്തു വരുകയാണ്.
യുഎഇ കോൺസുലേറ്റിലെ അക്കൗണ്ട്സ് വിഭാഗത്തിൽനിന്ന് 2019 മേയിൽ രാജിവച്ച മലയാളി ഉദ്യോഗസ്ഥയ്ക്കെതിരെയും ചില തെളിവുകൾ ഡിജിറ്റലായി ലഭിച്ചിട്ടുണ്ട്. ഇവർ രാജിവച്ചതിനു പിന്നാലെയാണു കോൺസുലേറ്റിലെ അക്കൗണ്ടന്റായിരുന്ന ഈജിപ്‌ത് പൗരൻ ഖാലിദിനെ സാമ്പത്തിക ക്രമക്കേടിന് പുറത്താക്കിയത്.
ഇരുവരെയും പിന്നീടു ജോലിക്കെടുക്കരുതെന്നും വിലക്കുപട്ടികയിൽപ്പെടുത്തണമെന്നും കോൺസുലേറ്റിലേക്ക് യു എ ഇ
അധികൃതർ അറിയിച്ചിരുന്നതാണ്. ഉദ്യോഗസ്ഥ കൊച്ചിയിലേക്കു താമസം മാറിയ ശേഷവും കോൺസുലേറ്റിലെത്തി പല കാര്യങ്ങളും ചെയ്തിരുന്നുവെന്നു. സ്വപ്നയും സംഘവും നടത്തിയ ക്രമക്കേടുകൾ ഇവർക്ക് അറിയാമായിരുന്നുവെന്നാണ് അന്വേഷണസംഘത്തിന് ഏറ്റവും പുതിതായി വിവരം ലഭിച്ചിട്ടുള്ളത്.