സ്വർണക്കടത്ത് കേസിൽ കാരാട്ട് റസാഖ് എംഎല്‍എയുടെ ബന്ധു കാരാട്ട് ഫൈസൽ അറസ്റ്റിലായി.

തിരുവനന്തപുരത്തെ യു എ ഇ കോൺസുലേക്കുള്ള നയതന്ത്ര ബാഗേജിന്റെ മറവിൽ നടന്ന സ്വർണക്കടത്ത് കേസിൽ കോഴിക്കോട് കൊടുവള്ളി നഗരസഭ കൗൺസിലർ കാരാട്ട് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. പുലർച്ചെ 4 മണിക്ക് കൊടുവള്ളിയിലെ വീട്ടിലെത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥർ വീട്ടിൽ റെയ്ഡ് നടത്തിയ ശേഷമാണ് ഫൈസലിനെ കസ്റ്റഡിയിലെടുത്തത്.
റെയ്ഡിൽ ചില സുപ്രധാന രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ചോദ്യം ചെയ്യലിനായി ഫൈസലിനെ കൊച്ചിയിലെ ഓഫിസിലേക്ക് കൊണ്ടു വന്നിരിക്കുകയാണ്. കാരാട്ട് റസാഖ് എംഎല്‍എയുടെ ബന്ധുവാണ് ഫൈസല്‍.
കസ്റ്റംസ് ഇയാളുടെ ഫോണ്‍വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. കാരാട്ട് ഫൈസലിന്റെ ഫോണില്‍ റെക്കോര്‍ഡ് ചെയ്ത ശബ്ദസന്ദേശങ്ങള്‍ കസ്റ്റംസ് പരിശോധിക്കുകയാണ്.
ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് അന്വേഷിച്ച കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതിപ്പട്ടികയിലും കാരാട്ട് ഫൈസലുണ്ടായിരുന്നു.കേസിലെ പട്ടികയില്‍ ഏഴാം പ്രതിയായിരുന്നു ഫൈസല്‍. ഒന്നാംപ്രതി ഷഹബാസിന്റെ പങ്കാളിയായാണ് ഡിആര്‍ഐ ഫൈസലിനെ പ്രതി ചേര്‍ത്തത്. കൊടുവള്ളി എംഎല്‍എ പി.ടി.എ. റഹീം അധ്യക്ഷനായ പാര്‍ട്ടിയുടെ പ്രധാന നേതാവായിരുന്നു കാരാട്ട് ഫൈസല്‍ ഈ പാര്‍ട്ടി ഇപ്പോള്‍ ഐഎന്‍എല്ലില്‍ ലയിച്ചിരിക്കുകയാണ്. പി.ടി.എ. റഹീമുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് ഫൈസല്‍. കസ്റ്റംസ് റെയ്ഡിന്റെ വിവരങ്ങള്‍ പുറത്തു വന്ന പിറകെ മുസ്ലിം യൂത്ത് ലീഗ് ഫൈസലിന്റെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുന്നുമെന്ന് അറിയിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് നേരത്തെ എന്‍ഐഎയും കൊടുവള്ളിയില്‍ റെയ്‌ഡുകൾ നടത്തിയിരുന്നതാണ്.