വിജിലൻസിൻ്റെ മിന്നൽ റെയിഡ്: കൈക്കൂലി വാങ്ങുന്നതിനിടെ രണ്ടു റവന്യു ഉദ്യോഗസ്ഥർ പിടിയിൽ.

ചങ്ങനാശേരി നഗരസഭ ഓഫിസിൽ വിജിലൻസ് വിഭാഗം നടത്തിയ മിന്നൽ റെയിഡിൽ കൈക്കൂലി വാങ്ങുന്നതിനിടെ രണ്ടു റവന്യു ഉദ്യോഗസ്ഥർ പിടിയിൽ. ചങ്ങനാശേരി നഗരസഭയിലെ റവന്യു ഓഫിസർ കോഴിക്കോട് വെസ്റ്റ്ഹിൽ സൂര്യകിരൺ വീട്ടിൽ പി. ടി സുശീല, റവന്യു ഇൻസ്പെക്ടർ ചെങ്ങന്നൂർ പാണ്ടനാട് പുതുശേരി വീട്ടിൽ സി. ആർ ശാന്തി എന്നിവരെ യാണ് വിജിലൻസ് അറസ്റ്റ്ചെയ്തത്. എസ്. പി വി. ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്.
ബുധനാഴ്ച വൈകിട്ടോടെയായിരുന്നു കേസിനാസ്പദമായ സംഭവം. കാനഡയിൽ ജോലി ചെയ്യുന്ന ചങ്ങനാശേരി സ്വദേശി ചങ്ങനാശേരിയിൽ ഒരു വീടു നിർമ്മിച്ചിരുന്നു. ഈ വിടിന്റെ ഒക്യുപെൻസി സർട്ടിഫിക്കറ്റിനായി ഇദ്ദേഹത്തിന്റെ നിർദേശാനുസരണം ഇയാളുടെ ജോലിക്കാരൻ ചങ്ങനാശേരി നഗരസഭ ഓഫിസിൽ എത്തിയിരുന്നു. 35000 രൂപ ഒക്യുപെൻസി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി അടച്ച ശേഷം 3500 രൂപ കരമായി അടയ്ക്കുകയും ചെയ്തിരുന്നു.
ഇതിനു ശേഷവും രണ്ടു വനിതാ ഓഫിസർമാരായ ശാന്തിയും, സുശീലയും ഇദ്ദേഹത്തോട് 8000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നുവത്രെ. കൈക്കൂലിയുമായി കാനഡ സ്വദേശിയുടെ ജീവനക്കാരൻ ഓഫിസിൽ ബുധനാഴ്ച എത്തി. ഈ തുക കൈപ്പറ്റുന്നതിനിടെ വിജിലൻസ് ഡിവൈ. എസ്. പി വി. ജി രവീന്ദ്രനാഥ്, ഇൻസ്പെക്ടർമാരായ റിജോ പി. ജോസഫ്, എ. ജെ തോമസ്, റെജി എം. കുന്നിപ്പറമ്പൻ, എസ്. ഐമാരായ വിൻസെന്റ് കെ. മാത്യു, കെ. സന്തോഷ്, കെ. സന്തോഷ്കുമാർ, ടി. കെ അനിൽകുമാർ, പി. എസ് പ്രസന്നകുമാർ, എ. എസ്. ഐ സി. എസ് തോമസ്, തുളസീധരക്കുറുപ്പ്, സ്റ്റാൻലി തോമസ്, വി. എൻ സുരേഷ്കുമാർ, എം. പി പ്രദീപ്കുമാർ, വനിതാ സിവിൽ പൊലീസ് ഓഫിസർമാരായ രാഗിണി, നീതു, സിവിൽ പൊലീസ് ഓഫിസർമാരായ സൂരജ്, കെ. ജി ബിജു, എൻ. സുനീഷ് എന്നിവർ ചേർന്നാണ് ഇരുവരെയും പിടികൂടിയത്.